ദില്ലി: ടി20 പരമ്പരയിലെ ആദ്യ മല്‍സരത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യയ്ക്കെതിരെ കളിച്ച അഞ്ചു മല്‍സരങ്ങളും ജയിച്ചിട്ടുണ്ടെന്ന ആ റെക്കോര്‍ഡായിരുന്നു ന്യൂസിലാന്‍ഡിന്റെ ആത്മവിശ്വാസം. ഇതുവരെ തോല്‍പ്പിക്കാനാകാത്ത ടീം എന്ന വെല്ലുവിളി ഇന്ത്യയുടെ മുന്നിലും ഉണ്ടായിരുന്നു. എന്നാല്‍ തകര്‍പ്പന്‍ ഫോമിലുള്ള കോലിയും കൂട്ടരും കീവികളെ പറപ്പിച്ചു. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ 53 റണ്‍സിന് വിജയിച്ചു. പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സിന്റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ന്യൂസിലാന്‍ഡിന് 20 ഓവറില്‍ എട്ടിന് 149 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ഇന്ത്യയ്‌ക്ക് വേണ്ടി യുസ്‌വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. വിടവാങ്ങല്‍ മല്‍സരം കളിച്ച വെറ്ററന്‍ താരം ആശിഷ് നെഹ്റയ്‌ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടിവന്ന ഇന്ത്യ നിശ്ചിത 20 ഓവറില്‍ 202 റണ്‍സ് അടിച്ചുകൂട്ടുകയായിരുന്നു. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ(80), ശിഖര്‍ ധവാന്‍(80) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങാണ് ഇന്ത്യയ്‌ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പുറത്താകാതെ 11 പന്തില്‍ മൂന്നു സിക്‌സര്‍ ഉള്‍പ്പടെ 26 റണ്‍സെടുത്ത നായകന്‍ വിരാട് കോലിയും അവസാന ഓവറുകളില്‍ റണ്‍ നിരക്ക് ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.

നേരത്തെ ധവാനും രോഹിതും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 16.2 ഓവറില്‍ 158 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 52 പന്തില്‍ 10 ബൗണ്ടറികളും റണ്ടു സിക്‌സറുകളും ഉള്‍പ്പടെയാണ് ധവാന്‍ 80 റണ്‍സെടുത്തത്. 55 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുകളും ഉള്‍പ്പടെയാണ് രോഹിത് ശര്‍മ്മ 80 റണ്‍സെടുത്തത്. ഹര്‍ദ്ദിക് പാണ്ഡ്യ റണ്‍സൊന്നുമെടുക്കാതെ പുറത്തായി. ന്യൂസിലാന്‍ഡ‍ിന് വേണ്ടി പഞ്ചാബ് വംശജന്‍ ഇഷ് സോധി രണ്ടു വിക്കറ്റെടുത്തു.

പരമ്പരയിലെ രണ്ടാമത്തെ മല്‍സരം നവംബര്‍ നാല് ശനിയാഴ്‌ച രാജ്കോട്ടില്‍ നടക്കും.

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍നിന്ന് വിടവാങ്ങുന്ന ആശിഷ് നെഹ്റയ്‌ക്ക് മല്‍സരത്തിന് മുമ്പ് ഇന്ത്യന്‍ ടീമിന്റെ ഉപഹാരം നായകന്‍ വിരാട് കോലിയും മുന്‍ നായകന്‍ എം എസ് ധോണിയും ചേര്‍ന്ന് സമ്മാനിച്ചിരുന്നു.