Asianet News MalayalamAsianet News Malayalam

കാര്യവട്ടത്ത് കളിയും പരമ്പരയും കൈപ്പിടിയിലൊതുക്കി ഇന്ത്യ

India beat Newzeland to clinch T20 series
Author
First Published Nov 7, 2017, 11:10 PM IST

തിരുവനന്തപുരം: തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര മത്സരത്തില്‍ വിജയത്തോടെ ഹരിശ്രീകുറിച്ച് ഇന്ത്യ. മഴമൂലം എട്ടോവറാക്കി ചുരുക്കിയ ആവേശപ്പോരില്‍ ന്യൂസിലന്‍ഡിനെ ആറ് റണ്‍സിന് കീഴടക്കി ഇന്ത്യ ഏകദിന പരമ്പരയ്ക്ക് പിന്നാലെ ട്വന്റി-20 പരമ്പരയും 2-1ന് സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 68 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കീവീസിന്റെ പോരാട്ടം 61 റണ്‍സിലൊതുങ്ങി.

ഓരോ പന്തിലും ആര്‍പ്പുവിളികളുമായി ഗ്യാലറിയെ ആവേശംകൊള്ളിച്ച പതിനായിരങ്ങളെ വിരാട് കോലിയും സംഘവും നിരാശരാക്കിയില്ല. കാര്യവട്ടത്ത് മഴമൂലം കളി കുട്ടികളിയായപ്പോഴും വിജയം കൈയെത്തിപ്പിടിച്ച് ഇന്ത്യ തല ഉയര്‍ത്തി മടങ്ങി. ആവേശം അവസാന ഓവര്‍ വരെ നീണ്ടപ്പോഴും മനസ്സാന്നിധ്യം വിടാതെ പന്തെറിഞ്ഞ ബൗളര്‍മാരാണ് ഇന്ത്യക്ക് ആവേശജയം സമ്മാനിച്ചത്. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും രണ്ടോവറില്‍ കേവലം എട്ടു റണ്‍സ് മാത്രം വഴങ്ങിയ ചാഹലും രണ്ടോവറില്‍ 9 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ ബൂമ്രയും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.

അവസാന ഓവറില്‍ 19 റണ്‍സായിരുന്നു കീവിസിന് ജയത്തിനായി വേണ്ടിയിരുന്നത്. ഹര്‍ദ്ദീക് പാണ്ഡ്യയുടെ ഓവറില്‍ ഒരു സിക്സര്‍ നേടാനെ കീവീസിന് ആയുള്ളു.  10 പന്തില്‍ 17 റണ്‍സെടുത്ത കോളിന്‍ ഡിഗ്രാന്‍ഡ്ഹോം ആണ് കീവികളുടെ ടോപ് സ്കോറര്‍.11 റണ്‍സെടുത്ത ഫിലിപ്സ് ആണ് രണ്ടക്കം കടന്ന മറ്റൊരു താരം. നേരത്തെ മഴമൂലം രണ്ടര മണിക്കൂര്‍ വൈകി തുടങ്ങിയ കളിയില്‍ ധവാനും രോഹിത്തും കോലിയും ധോണിയും പാണ്ഡ്യയും പാണ്ഡെയും ശ്രേയസ് അയ്യരുമെല്ലാം ക്രീസിലെത്തിയിട്ടും എട്ടോവറില്‍ ഇന്ത്യക്ക് അടിച്ചെടുക്കാനായത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ്.

മൂന്നാം ഓവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ ധവാനെയും രോഹിത്തിനെയും പുറത്താക്കിയ ടിം സൗത്തിയാണ് ഇന്ത്യയുടെ താളം തെറ്റിച്ചത്. രോഹിത് ശര്‍മ 9 പന്തില്‍ 8 റണ്‍സെടുത്തപ്പോള്‍ ധവാന്‍ ആറ് പന്തില്‍ ആറു റണ്‍സെടുത്തു. വണ്‍ ഡൗണായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ കോലി ബൗണ്ടറിയും സിക്സറും അടിച്ചു തുടങ്ങിയെങ്കിലും ബൗണ്ടറിക്കായുള്ള ശ്രമത്തില്‍ ബൗള്‍ട്ടിന്റെ കൈകളിലൊതുങ്ങി. ആറു പന്തില്‍ 13 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. ആറു പന്തില്‍ ആറു റണ്‍സെടുത്ത ശ്രേയസ് അയ്യരും നിരാശപ്പെടുത്തിയപ്പോള്‍ മനീഷ് പാണ്ഡെയും(11 പന്തില്‍ 17), ഹര്‍ദ്ദീക് പാണ്ഡ്യയും(10 പന്തില്‍ 14 നോട്ടൗട്ട്) ഇന്ത്യയെ 67ല്‍ എത്തിച്ചത്. കീവീസിനായി സൗത്തിയും സോധിയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

 

 

Follow Us:
Download App:
  • android
  • ios