ക്രിക്കറ്റില്‍ സ്വപ്‍നസമാനമായ പടയോട്ടത്തിലാണ് ടീം ഇന്ത്യ. ശ്രീലങ്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ ഏകദിന പരമ്പരകളിലും അതിന് മുമ്പ് നടന്ന ടെസ്റ്റ് പരമ്പരകളിലും ഇന്ത്യ മിന്നുന്ന ജയമാണ് സ്വന്തമാക്കിയത്. ഈ ആത്മവിശ്വാസത്തിലാണ് ഇന്ത്യ, ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയ്‌ക്ക് ഇറങ്ങുന്നത്. എന്നാല്‍ ടി20യില്‍ ഇന്ത്യയ്‌ക്ക് ഇതുവരെ തോല്‍പ്പിക്കാന്‍ പറ്റാത്ത ടീമാണ് ന്യൂസിലാന്‍ഡ്. ഇതുവരെ ഏറ്റുമുട്ടിയ അഞ്ചു മല്‍സരങ്ങളിലും ഇന്ത്യയ്ക്കെതിരെ ന്യൂസിലാന്‍ഡാണ് ജയിച്ചത്. 2007ല്‍ ഐസിസി ലോക ടി20യിലാണ് ഇരു ടീമുകളും ആദ്യം ഏറ്റുമുട്ടിയത്. അന്ന് പത്തു റണ്‍സിനാണ് ഇന്ത്യ തോറ്റത്. പിന്നീട്, 2009ല്‍ രണ്ടു തവണയും 2012, 2016 വര്‍ഷങ്ങളിലും ന്യൂസിലാന്‍ഡിനോട് ഇന്ത്യ തോല്‍വി രുചിച്ചു. 2009ല്‍ ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തിയ ഇന്ത്യ ടെസ്റ്റിലും ഏകദിനത്തിലും നന്നായി കളിച്ചെങ്കിലും ടി20 പരമ്പര 2-0ന് തോല്‍ക്കുകയായിരുന്നു. 2012ല്‍ ചെന്നൈയില്‍വെച്ചും 2016ല്‍ നാഗ്‌പുരില്‍വെച്ചും തോറ്റതോടെ സ്വന്തംനാട്ടിലും ഈ നാണക്കേട് ഇന്ത്യയ്ക്കൊപ്പം നിന്നു. ഇതോടെ നാളെ ദില്ലിയില്‍ നടക്കുന്ന ആദ്യ ടി20 മല്‍സരം ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമായിരിക്കുകയാണ്. കീവികള്‍ക്കെതിരായ നാണംകെട്ട ആ റെക്കോര്‍ഡ് മായ്ച്ചുകളയുകയാണ് കോലിയുടെയും കൂട്ടരുടെയും ലക്ഷ്യം.