ഭുവനേശ്വർ: ലോക ഹോക്കി ലീഗിൽ കരുത്തരായ ഓസ്‌ട്രേലിയയെ ഇന്ത്യ സമനിലയിൽ തളച്ചു. കലിംഗ സ്റ്റേഡിയത്തിൽ നടന്ന പൂൾ ബിയിലെ ആദ്യ മൽസരത്തിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ഓരോ ഗോൾ വീതമടിച്ചു. മൽസരത്തിന്റെ ഇരുപതാം മിനുട്ടിൽ മാൻദീപ് സിങാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. എന്നാൽ ഇന്ത്യയുടെ ആഘോഷം അധികംനീണ്ടുനിന്നില്ല. തൊട്ടടുത്ത മിനുട്ടിൽ ജെറിമി ഹേവാർഡിലൂടെ ഓസ്‌ട്രേലിയ ഒപ്പമെത്തി. തുടർന്ന് ലീഡ് നേടാൻ ഇരു ടീമുകളും മൽസരിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. ഒട്ടനവധി സുവർണാവസരങ്ങൾ പാഴാക്കിയത് ഇന്ത്യയ്‌ക്ക് വിനയായി. മറുവശത്ത് നിരവധി പെനാൽറ്റി കോർണറുകൾ ഓസ്‌ട്രേലിയയ്‌ക്കും ലഭിച്ചു. എന്നാൽ ഭാഗ്യവും പ്രതിരോധത്തിലെ കരുത്തും ഇന്ത്യയെ കൈവിട്ടില്ല. കരുത്തരായ ഓസ്‌‌ട്രേലിയയെ സമനിലയിൽ തളക്കാനായത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നേട്ടമാണ്. ശനിയാഴ്‌ച(നാളെ) നടക്കുന്ന മൽസരത്തിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. ഓസ്‌ട്രേലിയയ്‌ക്ക് അടുത്ത മൽസരത്തിൽ കരുത്തരായ ജർമ്മനിയെയാണ് നേരിടേണ്ടത്.