ഒന്നാം ഇന്നിംഗ്സില്‍ ലീഡ് നേടാനായത് ഇന്ത്യക്ക് നേട്ടം

ഇംഗ്ലണ്ട് പര്യടനത്തിലെ എസക്സിനെതിരായ ഇന്ത്യയുടെ സന്നാഹമത്സരം സമനിലയില്‍. ആദ്യ ഇന്നിംഗ്സില്‍ 36 റണ്‍സിന്‍റെ ലീഡ് നേടാനായത് ടീം ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 395 നെതിരെ ബാറ്റുവീശിയ എസക്സ് 8 വിക്കറ്റിന് 359 ല്‍ ഡിക്ലയര്‍ ചെയ്തു.

നാല് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവും മൂന്ന് വിക്കറ്റ് നേടിയ ഇഷാന്തുമാണ് ഇംഗ്ലിഷ് ശക്തികളുടെ നടുവൊടിച്ചത്. ഥാക്കൂറാണ് ഒരു വിക്കറ്റ് നേടിയത്. എസക്സിന് വേണ്ടി വാള്‍ട്ടര്‍ 75 റണ്‍സുമായി ടോപ് സ്കോററായപ്പോള്‍ പെപ്പറും വെസ്ലിയും അര്‍ധ ശതകം നേടി.

രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സ് നേടി. ഓപ്പണര്‍ ശിഖര്‍ ധവാന്‍ റണ്‍സൊന്നും നേടാതെ പുറത്തായപ്പോള്‍ മറ്റൊരു ഓപ്പണര്‍ കെ എല്‍ രാഹുല്‍ 36 റണ്‍സ് നേടി പുറത്താകാതെ നിന്നു. പൂജാര 23 റണ്‍സ് നേടി പുറത്തായപ്പോള്‍ രഹാനെ 19 റണ്‍സ് നേടി പുറത്താകാതെ നിന്നു.