ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ പേസാക്രമണത്തെ ചെറുക്കാൻ പ്രതിരോധത്തിലൂന്നി ഇന്ത്യയുടെ ബാറ്റിങ്. ഓപ്പണര്‍മാരെ തുടക്കത്തിലേ നഷ്ടമായ ഇന്ത്യ ലഞ്ചിന് കളിനിര്‍ത്തുമ്പോള്‍ രണ്ടിന് 45 എന്ന നിലയിലാണ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്‌ക്ക് മുരളി വിജയ്(എട്ട്), കെ എൽ രാഹുൽ(പൂജ്യം) എന്നിവരെ പെട്ടെന്ന് നഷ്‌ടമായി. മുരളി വിജയ്, റബാഡയുടെ പന്തിലും രാഹുൽ ഫിലാൻഡറിന്റെ പന്തിലും വിക്കറ്റ് കീപ്പര്‍ ക്വിന്റൺ ഡികോക്കിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. ലഞ്ചിന് പിരിയുമ്പോള്‍ 24 റണ്‍സോടെ വിരാട് കോലിയും അഞ്ചു റണ്‍സോടെ ചേതേശ്വര്‍ പൂജാരയുമാണ് ക്രീസിൽ. ആദ്യ റണ്‍സ് കണ്ടെത്താൻ പൂജാരയക്ക് 54 പന്ത് വേണ്ടിവന്നു. ഇതിനിടയിൽ ഫിലാൻഡറിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയെങ്കിലും ദക്ഷിണാഫ്രിക്കക്കാര്‍ റിവ്യൂവിന് ശ്രമിക്കാതിരുന്നത് പൂജാരയ്‌ക്ക് രക്ഷയായി. വ്യക്തിഗത സ്‌കോര്‍ 11ൽ നിൽക്കെ കോലിയെ പിടികൂടാനുള്ള അവസരം ഫിലാൻഡര്‍ നഷ്ടപ്പെടുത്തി.
മൂന്നാം ടെസ്റ്റിൽ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. അഞ്ചു പേസര്‍മാരുമായി കളിക്കാൻ മാനേജ്മെന്റ് തീരുമാനിച്ചതോടെ അശ്വിന് പകരക്കാരനായി ഭുവനേശ്വര്‍കുമാറിന് ടീമിലേക്ക് വഴിയൊരുങ്ങി. ആദ്യ ടെസ്റ്റുകളിൽ മങ്ങിപ്പോയതിന് ഏറെ പഴികേട്ട രോഹിത് ശര്‍മ്മയെ ഒഴിവാക്കി പകരം അജിന്‍ക്യ രഹാനയെ ടീമിൽ ഉള്‍പ്പെടുത്തുകയും ചെയ്തു. ആദ്യ രണ്ടു കളികളും തോറ്റ ഇന്ത്യ ഇതിനോടകം ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്കയ്‌ക്ക് മുന്നിൽ അടിയറവ് പറഞ്ഞുകഴിഞ്ഞു. ആശ്വാസജയം തേടിയാണ് കോലിപ്പട ജൊഹാനസ്ബര്‍ഗിൽ കളിക്കുന്നത്.
