രാജ്കോട്ട്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി-20യില്‍ ഇന്ത്യന്‍ തോല്‍വിക്ക് കാരണമായത് ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകള്‍. സെഞ്ചുറിയുമായി ന്യൂസിലന്‍ഡ് ഇന്നിംഗ്സിന്റെ നട്ടെല്ലായ കോളിന്‍ മണ്‍റോയെ മൂന്നു തവണയാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ കൈയയച്ച് സഹായിച്ചത്. 45 റണ്‍സെടുത്തുനില്‍ക്കുമ്പോഴായിരുന്നു മണ്‍റോയുടെ ക്യാച്ച് ശ്രേയസ് അയ്യര്‍ നിലത്തിട്ടത്. അക്ഷര്‍ പട്ടേലിന്റെ പന്തിലായിരുന്നു ഇത്.
സെഞ്ചുറി കൂട്ടുകെട്ടിനുശേഷം മാര്‍ട്ടിന്‍ ഗട്പിടിലെ പുറത്താക്കി ചാഹല്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയ ഓവറില്‍ തന്നെയാണ് രണ്ടാം തവണയും മണ്‍റോയ്ക്ക് ഇന്ത്യ ജീവന്‍ ദാനം നല്‍കിയത്. റണ്‍ ഔട്ടിന്റെ രൂപത്തിലായിരുന്നു രണ്ടാമത്തെ അവസരം. ഇത്തവണ ധോണിയായിരുന്നു വില്ലന്‍. രോഹിത് ശര്‍മയുടെ മോശം ത്രോ കളക്ട് ചെയ്ത ധോണിക്ക് പക്ഷെ സ്റ്റംപിംഗ് പൂര്‍ത്തിയാക്കാനായില്ല. ഇന്ത്യയടെ കൈ സഹായത്തിന് സിക്സറുകളും ബൗണ്ടറികളും അടിച്ചുകൂട്ടിയാണ് മണ്‍റോ മറുപടി നല്‍കിയത്.
വ്യക്തിഗത സ്കോര്‍ 80ല്‍ നില്‍ക്കെ മണ്‍റോ വീണ്ടും അവസരം നല്‍കി. ഭുവനേശ്വര്‍കുമാറിന്റെ പന്തില്‍ മണ്‍റോയെ കൈവിട്ടത് ചാഹലായിരുന്നു. അനായാസ ക്യാച്ച് ചാഹല്‍ നിലത്തിട്ടു. ഇതോടെ ട്വന്റി-20യിലെ രണ്ടാം സെഞ്ചുറിയ്ക്കൊപ്പം കീവിസീന് കൂറ്റന്‍ സ്കോറും മണ്‍റോ ഉറപ്പാക്കി. രണ്ടാം മത്സരം തോറ്റതോടെ തിരുവനന്തപുരത്ത് നടക്കുന്ന മൂന്നാം മത്സരം ഇരു ടീമുകള്‍ക്കും ശരിക്കും ഫൈനലായി.ഏകദിന പരമ്പര 2-1ന് സ്വന്തമാക്കിയ ഇന്ത്യക്ക് ഇതേ മാര്‍ജിനില്‍ ട്വന്റി-20 പരമ്പരയും സ്വന്തമാക്കാനാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
