തിരുവനന്തപുരം: തലസ്ഥാനം വേദിയാകുന്ന ട്വന്‍റി 20യുടെ ആവേശത്തില്‍ അണിചേര്‍ന്ന് നടന്‍ മോഹന്‍ലാലും.ടിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചാണ് താരം ജന്മനാട്ടിലെ മാമാങ്കത്തിന്റെ ഭാഗമായത്. ഓൺലൈന്‍ ബുക്കിംഗിന് പുറമേ അടുത്ത തിങ്കളാഴ്ച മുതല്‍ ആരാധകര്‍ക്ക് കൗണ്ടറുകളില്‍ നിന്ന് നേരിട്ടും ടിക്കറ്റുകള്‍ വാങ്ങാം.
ഈ മാസം 16 മുതല്‍ ഓൺലൈന്‍ ബുക്കിംഗ് തുടങ്ങിയിരുന്നു. നവംബര്‍ 30 മുതല്‍ നേരിട്ടുള്ള ടിക്കറ്റുകളുടെ വില്‍പ്പന തുടങ്ങും. 700 രൂപ ടിക്കറ്റ് തിരുവനന്തപുരത്തെ ഫെഡറല്‍ ബാങ്കിന്റെ 8 ശാഖകള്‍ വഴി ലഭ്യമാകും. കോട്ടൺഹില്‍, പാളയം, ശ്രീകാര്യം, പട്ടം, നന്തന്‍കോട്. കുറവന്‍കോണം, കാര്യവട്ടം, പേരൂര്‍ക്കട എന്നീ ശാഖകളിലാണ് ലഭ്യമാകുക.
1000 രൂപയുടെ ടിക്കറ്റുകള്‍ മൂന്ന് ശാഖകളിലെ ലഭ്യമാകൂ. ഓൺലൈന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ടിക്കറ്റുകള്‍ ഒന്നാം തീയതി മുതല്‍ ലഭിക്കും. 40000 സീറ്റുകളാണ് മത്സരത്തിനായി സ്റ്റേഡിയത്തില്‍ അവുവദിച്ചിരിക്കുന്നത്. ഇതില്‍ പതിനായിരത്തോളം ടിക്കറ്റുകള്‍ ബിസിസിഐ സ്പോണ്‍സര്‍മാര്‍ക്കായി നീക്കിവെച്ചിരിക്കുകയാണ്. ശേഷിക്കുന്ന 30000 ടിക്കറ്റില്‍ 16000 ടിക്കറ്റുകളാണ് ഓണ്‍ലൈന്‍ വഴി വിറ്റഴിച്ചത്.
