ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് ഒന്നാം സ്ഥാനം നഷ്‌ടമായി. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനവും ജയിച്ചതോടെ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തേക്ക് വരുകയായിരുന്നു. അതേസമയം അടുത്തദിവസം നടക്കുന്ന ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനം വിജയിച്ചാല്‍, ഇന്ത്യയ്‌ക്ക് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാം. എന്നാല്‍ ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനം ദക്ഷിണാഫ്രിക്ക ജയിച്ചാല്‍, അവര്‍ക്ക് ഒന്നാം സ്ഥാനത്ത് തുടരാനാകും. ഇന്ത്യയ്ക്കെതിരായ മൂന്നു മല്‍സരങ്ങളുടെ പരമ്പര തൂത്തുവാരിയാല്‍, ഓസ്‌ട്രേലിയ, ശ്രീലങ്ക ടീമുകളെ മറികടന്ന് ന്യൂസിലാന്‍ഡിന് മൂന്നാം സ്ഥാനത്ത് എത്താനാകും. ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം ഐസിസി ഏകദിന റാങ്കിംഗിലെ ഒന്നാം സ്ഥാനത്തിനായി കടുത്ത മല്‍സരമാണ് നടക്കുന്നത്. അന്ന് ദക്ഷിണാഫ്രിക്ക ഒന്നാമതും ഇന്ത്യ മൂന്നാം സ്ഥാനത്തുമായിരുന്നു. വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരായ പരമ്പരകള്‍ ജയിച്ചതോടെ ഇന്ത്യ രണ്ടാം സ്ഥാനത്ത് വരികയും, പിന്നീട് ഓസ്‌ട്രേലിയയെ 4-1ന് കീഴടക്കിയതോടെ ഒന്നാം സ്ഥാനത്ത് വരുകയുമായിരുന്നു. ഒന്നാം സ്ഥാനത്തിനായി ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. എബി ഡിവില്ലിയേഴ്‌സിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ ബംഗ്ലാദേശിനെ തകര്‍ത്തതോടെ ഒന്നാം സ്ഥാനം വീണ്ടും ദക്ഷിണാഫ്രിക്കയ്‌ക്ക് സ്വന്തമാകുകയായിരുന്നു.