ഇന്ന് പാക്കിസ്ഥാനെ കീഴടക്കിയാല്‍ മൂന്നു വര്‍ഷത്തിനുശേഷം യുഎഇയില്‍ പാക്കിസ്ഥാനെ കീഴടക്കുന്ന ആദ്യ ടീമെന്ന നേട്ടമാണ് ഇന്ത്യയ്ക്ക് സ്വന്തമാകാന്‍ പോകുന്നത്.

ദുബായ്: പാക്കിസ്ഥാന്‍റെ ഹോംഗ്രൗണ്ടിനു സമാനമായ യുഎഇയിലെ വേദിയില്‍ പാക്കിസ്താനെ നേരിടാനിറങ്ങുന്ന ഇന്ത്യയ്ക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണ് ബദ്ധവൈരികള്‍ ഉയര്‍ത്തുന്നത്. യുഎഇയില്‍ അവസാനം കളിച്ച ഒമ്പത് ഏകദിനങ്ങളില്‍ ഒന്നില്‍പ്പോലും ഇതുവരെ പാക്കിസ്താന്‍ തോറ്റിട്ടില്ല. 

ഇവിടെ അവസാനമായി പാക്കിസ്താന്‍ തോല്‍വി മണത്തത് 2015 നവംബറില്‍ ഇംണ്ടിനെതിരെയാണ്. അതുകൊണ്ട് ഇന്ന് പാക്കിസ്ഥാനെ കീഴടക്കിയാല്‍ മൂന്നു വര്‍ഷത്തിനുശേഷം യുഎഇയില്‍ പാക്കിസ്ഥാനെ കീഴടക്കുന്ന ആദ്യ ടീമെന്ന നേട്ടമാണ് ഇന്ത്യയ്ക്ക് സ്വന്തമാകാന്‍ പോകുന്നത്.

കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുന്നത്. ഏഷ്യാകപ്പില്‍ ഇതുവരെ 11 തവണ ഇന്ത്യയും പാക്കിസ്താനും ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമുകളും അഞ്ചു വീതം ജയം നേടി. ഒരെണ്ണം ഫലമില്ലാതെ അവസാനിച്ചു. എന്നാല്‍ 2010 നു ശേഷം പരസ്പരം ഏറ്റുമുട്ടിയ 11 ഏകദിനങ്ങളില്‍ ഏഴിലും ജയിച്ചുവെന്നതാണ് ഇന്ത്യയ്ക്ക് ആത്മവിശ്വാസം കൂട്ടുന്നത്.