കൊളംബോ: ഇന്ത്യക്കെതിരായ ഏക ടി20 മല്‍സരത്തില്‍ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്കോര്‍. അര്‍ദ്ധ സെഞ്ചുറി നേടിയ ദില്‍ഷന്‍ മുനവീരയുടെയും 40 റണ്‍സെടുത്ത അഷന്‍ പ്രിയഞ്ജന്‍റെയും മികവില്‍ ശ്രീലങ്ക 20 ഓവറില്‍ ഏഴ് വിക്കറ്റിന് 170 റണ്‍സെടുത്തു. തുടക്കത്തില്‍ കൂറ്റനടികളുമായി തുടങ്ങിയ ശ്രീലങ്കയ്ക്ക് ഇടവിട്ട് വിക്കറ്റുകല്‍ വീണതാണ് തിരിച്ചടിയായത്. 29 പന്തില്‍ 53 റണ്‍സടിച്ച മുനവീരയാണ് ലങ്കയുടെ ടോപ് സ്കോറര്‍.ഡിക്‌വെല്ല 17 റണ്‍സടിച്ചു.

ഇന്ത്യക്കായി യുസ്‌വേന്ദ്ര ചാഹല്‍ 43 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും കുല്‍ദീപ് യാദവ് 20 റണ്‍സിന് രണ്ടു വിക്കറ്റും വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍ ജസപ്രിത് ബൂമ്ര എന്നിവര്‍ ഓരോ വിക്കറ്റും നേടി. അവസാന ഓവറുകളില്‍ അഷന്‍ പ്രിയഞ്ജനും ഉഡാനയും നടത്തിയ ചെറുത്തു നില്‍പ്പാണ് ശ്രീലങ്കയെ തുണച്ചത്. പ്രിയഞ്ജന്‍ 40 പന്തില്‍ 40 റണ്‍സടിച്ചപ്പോള്‍ ഉഡാന 10 പന്തില്‍ 20 റണ്‍സ് നേടി.