ദില്ലി: ഇന്ത്യ- ശ്രീലങ്ക ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരം ഇന്ന് ദില്ലിയില്‍. മത്സരത്തില്‍ വിജയിച്ച് തുടര്‍ജയങ്ങളില്‍ ലോകറെക്കോര്‍ഡിനൊപ്പം എത്താന്‍ ഇന്ത്യ. തുടര്‍ച്ചയായ ഒന്‍പതാം പരമ്പരവിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2005നും 2008നും ഇടയില്‍ ഒന്‍പത് പരമ്പരകള്‍ തുടര്‍ച്ചയായി ജയിച്ച ഓസ്ട്രേലിയന്‍ ടീമിന്‍റെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്.
ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്സ് ജയം സ്വന്തമാക്കിയിരുന്നു. പരിക്കേറ്റ സ്പിന്നര്‍ രംഗണ ഹെരാത്ത് പിന്മാറിയത് ശ്രീലങ്കയെ കൂടുതല്‍ ദുര്‍ബലമാക്കും. അതേസമയം ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. ഇടംകൈയ്യന്‍ ചൈനാമാന്‍ സ്‌പിന്നര്‍ ലക്ഷന്‍ സന്‍ഡാകനാണ് ഹെരാത്തിന് പകരം ടീമിലെത്താന്‍ സാധ്യത.
ഫിറോസ് ഷാ കോട്‌ലയില്‍ 1990ന് ശേഷം ടെസ്റ്റ് മത്സരങ്ങള്‍ തോറ്റിട്ടില്ല എന്നതാണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നത്. ദില്ലിയില്‍ മികച്ച റെക്കോര്‍ഡുള്ള ആര്‍ അശ്വിന്‍ ഫോമിലാണെന്നതും ഇന്ത്യക്ക് ആശ്വാസം നല്‍കുന്നു. അതേസമയം പരമ്പര നഷ്ടമായാല്‍ ക്രിക്കറ്റില്‍ ശ്രീലങ്കയുടെ നില കൂടുതല്‍ പരുങ്കലിലാകും. ഓരോ വിക്കറ്റുകള്‍ നേടിയാല്‍ ഉമേഷ് യാദവിനും ദില്‍രുവാന്‍ പെരേരക്കും ടെസ്റ്റില്‍ 100 വിക്കറ്റുകള്‍ തികയ്ക്കാനാകും.
