ദില്ലി: ഡേവിസ് കപ്പ് ടെന്നിസ് ലോക ഗ്രൂപ്പ് പ്ലേ ഓഫില്‍ ഇന്ത്യക്ക് കരുത്തരായ എതിരാളികള്‍. അന്താരാഷ്ട്ര ടെന്നിസ് ഫെഡറേഷന്‍ പുറത്തുവിട്ട മത്സരക്രമമനുസരിച്ച് പ്ലേ ഓഫില്‍ സ്പെയിനെയാണ് ഇന്ത്യക്ക് നേരിടാനുള്ളത്. സെപ്റ്റംബര്‍ 16 മുതല്‍ 18 വരെ ഇന്ത്യയില്‍ വച്ചാകും മത്സരം.
ലോക റാങ്കിംഗില്‍ ആദ്യ 100 നകത്തുള്ള നിരവധി കളിക്കാർ സ്പെയിന്‍ ടീമിലുണ്ട്. അതുകൊണ്ടുതന്നെ മത്സരം കടുത്തതാകുമെന്ന് ഇന്ത്യന്‍ പരിശീലകന്‍ സിഹാന്‍ അലി പറഞ്ഞു.
ക്ലേ കോര്‍ട്ടിലും ഹാര്‍ഡ് കോര്‍ട്ടിലും യൂറോപ്യന്‍ കളിക്കാര്‍ മികവ് കാട്ടാറുള്ളതിനാല്‍ പുല്‍കോര്‍ട്ടിലാകും സ്പെയിനെതിരായ മത്സരം നടക്കുക. 1965ലാണ് ഏറ്റവുമൊടുവില്‍ ഡേവിസ് കപ്പില്‍ ഇന്ത്യയും സ്പെയിനും നേര്‍ക്കുനേര്‍ വന്നത്. അന്ന് 3-2ന് സ്പെയിന്‍ ജയിച്ചു.
