പുനെ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ആതിഥേയരെ മുട്ടുകുത്തിക്കാന്‍ ഓസ്‌ട്രേലിയയെ സഹായിച്ചത്‌ മുന്‍ ഇന്ത്യന്‍ താരം തന്നെ. ഓസ്‌ട്രേലിയയുടെ സ്‌പിന്‍ ബൗളിങ്‌ ഉപദേശകനായ മുന്‍ ഇന്ത്യന്‍ താരം ശ്രീധരന്‍ ശ്രീറാമിന്റെ തന്ത്രങ്ങളാണ്‌ സ്‌റ്റീവന്‍ ഓകീഫ്‌ കളത്തില്‍ ഫലപ്രദമായി നടപ്പിലാക്കിയത്‌.

ഓസിസിന്റെ നിലവിലെ സ്‌പിന്‍ ബോളിങ്‌ പരിശീലകനാണ്‌ തമിഴ്‌നാട്ടുകാരനായ ശ്രീധരന്‍ ശ്രീറാം. ഇന്ത്യന്‍ സാഹചര്യങ്ങള്‍ മനസിലാക്കി കളിക്കണമെന്നു ശ്രീറാം നല്‍കിയ ഉപദേശമാണ്‌ ഓസ്‌ട്രേലിയയ്‌ക്കു തിണയായത്‌. മത്സരത്തില്‍ മാന്‍ ഓഫ്‌ ദ മാച്ചായ ഒകീഫിന്റെ മാസ്‌മരിക പ്രകടനത്തിനു പിന്നിലും ശ്രീറാമിന്റെ തന്ത്രങ്ങളാണ്‌. മത്സരത്തിന്റെ രണ്ടാം ദിനം ആദ്യ സെഷനില്‍ ആറോവര്‍ എറിഞ്ഞ ഓകീഫിന്റെ പ്രകടനം മോശമായിരുന്നു. ആറ്‌ ഓവറില്‍ 30 റണ്‍സാണ്‌ ഓസീസ്‌ സ്‌പിന്നര്‍ വഴങ്ങിയത്‌. വിക്കറ്റൊന്നും ലഭിച്ചുമില്ല.

പന്ത്‌ വേഗത്തില്‍ എറിയാനായിരുന്നു ഒകീഫ്‌ ശ്രമിച്ചത്‌. എന്നാല്‍ ലഞ്ച്‌ ബ്രേക്ക്‌ കഴിഞ്ഞു വന്ന ഓകീഫിന്റെ പ്രകടനം ഇന്ത്യ മറക്കില്ല. ആറോവറില്‍ ഏഴു റണ്‍സ്‌ വഴങ്ങി ആറു വിക്കറ്റാണ്‌ അദ്ദേഹം സ്വന്തമാക്കിയത്‌. ഇടവേളയില്‍ ശ്രീറാമിന്റെ ഉപദേശമാണ്‌ ഓകീഫിന്‌ തുണയായത്‌. ലഞഞ്ച്‌ ബ്രേക്കിനിടയില്‍ നെറ്റ്‌സില്‍ ശ്രീധരന്‍ ശ്രീറാമുമായി ഒകീഫ്‌ പരിശീലനം നടത്തുകയും ബൗളിങ്ങില്‍ മാറ്റം വരുത്തുകയും ചെയ്‌തു. സീം ആംഗിളും ആം ആംഗിളും മാറ്റി പരീക്ഷിച്ചത്‌ ഓസീസ്‌ താരത്തെ മികച്ച വിക്കറ്റ്‌ വേട്ടക്കാരനാക്കി.

ഇന്ത്യക്കെതിരായ അടുത്ത മത്സരങ്ങളിലും ഓസ്‌ട്രേലിയ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുമെന്ന്‌ ശ്രീറാം പറയുന്നു. ഏത്‌ പിച്ചായാലും അത്‌ കൃത്യമായി മനസ്സിലാക്കി പന്തെറിയണമെന്നാണ്‌ ഞാന്‍ ഓസീസ്‌ താരങ്ങളോടു പറയുന്നത്‌. അത്‌ അവര്‍ ചെയ്യുന്നുണ്ട്‌. അത്‌ പാലിക്കാന്‍ കഴിഞ്ഞാല്‍ വരും മത്സരങ്ങളിലും ഓസിസിന്‌ ജയം നേടാനാകും- ശ്രീറാം വ്യക്‌തമാക്കി.

മുന്‍ ഇന്ത്യന്‍ താരമായ ശ്രീധരന്‍ ശ്രീറാം 2015 സെപ്‌തംബറിലാണ്‌ ഓസ്‌ട്രേലിയയുടെ സ്‌പിന്‍ ബൗളിങ്‌ കോച്ചായി നിയോഗിക്കപ്പെട്ടത്‌. ഇന്ത്യന്‍ പര്യടനത്തിന്‌ എത്തുന്നതിന്‌ മുമ്പ്‌ ദുബായിലെ സ്‌പിന്‍ പിച്ചിലാണ്‌ ശ്രീറാം ഓസീസ്‌ ബൗളര്‍മാര്‍ക്ക്‌ പരിശീലനം നല്‍കിയിരുന്നത്‌.