റാഞ്ചി : ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിന് വ്യാഴാഴ്‌ച റാഞ്ചിയില്‍ തുടക്കം. ബെംഗളൂരു ടെസ്റ്റിലെ തകര്‍പ്പന്‍ തിരിച്ചുവരവിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യയിറങ്ങുന്നത്. ജയിച്ചാല്‍ ഓസീസിന് പരമ്പര സ്വന്തമാക്കാം.

പ്രിയതാരം എം എസ് ധോണിയില്ലാതെ റാഞ്ചിക്ക് നാളെ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം. ബെംഗളൂരുവിലെ ഡി ആര്‍ എസ് വിവാദത്തിന്റെ ചൂടും ചൂരും തണുക്കാതെയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും റാഞ്ചിയിലെ ആദ്യപോരില്‍ പാടുകെട്ടുക. കളിക്ക് മുന്‍പ് വിരാട് കോലിയും സ്റ്റീവ് സ്മിത്തും കൂടിക്കാഴ്ച നടത്തും. റാഞ്ചിയില്‍ ജയിച്ചാല്‍ ബോര്‍ഡര്‍ ഗാവാസ്‌കര്‍ ട്രോഫി ഓസീസിന് സ്വന്തം. ഇതുകൊണ്ടുതന്നെ ബെംഗലൂരുവിലെപ്പോലെ റാഞ്ചിയിലും ഇന്ത്യക്ക് ജീവന്‍മരണ പോരാട്ടം. രണ്ടാം ടെസ്റ്റിന് ശേഷം ആവശ്യത്തിന് വിശ്രമം കിട്ടിയത് ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യുമെന്നും കളിക്കാരുടെ ആക്രമണോത്സുകത നിയന്ത്രിക്കില്ലെന്നും കോച്ച് അനില്‍ കുംബ്ലെ പറഞ്ഞു.

ബാറ്റിംഗിലെ അസ്ഥിരതയാണ് ടീം ഇന്ത്യയുടെ ആശങ്ക. അഭിനവ് മുകുന്ദിന് പകരം മുരളി വിജയ് ഓപ്പണറായി തിരിച്ചെത്തും. കരുണ്‍ നായര്‍ക്ക് പകരം ജയന്ത് യാദവിനെയും പരിഗണിക്കുന്നു. പരുക്കേറ്റ് മടങ്ങിയ സ്‌ട്രൈക് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് പകരം ഓസീസ് പാറ്റ് കമ്മിന്‍സിനെ കളിപ്പിച്ചേക്കും. മുന്‍ടെസ്റ്റുകളിലെപ്പോലെ സ്പിന്നിനെ തുണയ്ക്കുന്ന വിക്കറ്റായിരിക്കും റാഞ്ചിയിലേതും.