ചെന്നൈ: ചെന്നൈ ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് 282 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ മുന്‍നിര തകര്‍ന്നടിഞ്ഞെങ്കിലും അര്‍ധസെഞ്ചുറികളുമായി തകര്‍ത്തടിച്ച ഹര്‍ദ്ദിക് പാണ്ഡ്യയും ധോണിയും ചേര്‍ന്ന് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു.
ആദ്യ പവര്‍പ്ലേയില്‍ കൊടുങ്കാറ്റായി ആഞ്ഞടിച്ച കോള്‍ട്ടര്‍‌നൈലിന് മുന്നില്‍ അജിങ്ക്യാ രഹാനെ(5), ക്യാപ്റ്റന്‍ വിരാട് കോലി(0), മനീഷ് പാണ്ഡെ(0) എന്നിവര്‍ മുട്ടുമടക്കി. പിന്നീട് രോഹിത്തും ജാദവും ചേര്‍ന്ന് ഇന്ത്യയെ 50 കടത്തി. എന്നാല്‍ സ്കോര്‍ 64ല്‍ നില്‍ക്കെ രോഹിത്തും(28) 87ല്‍വെച്ച് ജാദവും(40) വീണതോടെ ഇന്ത്യ 200 പോലും കടക്കില്ലെന്ന് തോന്നിച്ചു.

എന്നാല്‍ അവിടുന്ന് കളിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്ത ഹര്‍ദ്ദീക് പാണ്ഡ്യ ധോണിക്കൊപ്പം പതുക്കെയാണ് തുടങ്ങിയത്. സ്പിന്നര്‍ ആദം സാംപയെ ഒരോവറില്‍ തുടര്‍ച്ചയായി മൂന്ന് സിക്സറുകള്‍ക്ക് പറത്തി ഗിയര്‍ മാറ്റിയ പാണ്ഡ്യെ ഓസീസിനെ ഞെട്ടിച്ചു. 48 പന്തില്‍ 50 റണ്‍സ് പിന്നിട്ട പാണ്ഡ്യ 66 പന്തില്‍ 83 റണ്‍സെടുത്ത് പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 200 കടന്നിരുന്നു.

ആറാം വിക്കറ്റില്‍ ധോണിയും പാണ്ഡ്യയും ചേര്‍ന്ന് നേടിയ 118 റണ്‍സാണ് ഇന്ത്യന്‍ സ്കോറിന്റെ നട്ടെല്ല്. പാണ്ഡ്യ വീണശേഷം ടോപ് ഗിയറിലായ ധോണി ഭുവനേശ്വര്‍കുമാറിനെ(32 നോട്ടൗട്ട്) കൂട്ടുപിടിച്ച് ഇന്ത്യയെ 270 കടത്തി. 88 പന്തില്‍ 79 റണ്‍സെടുത്ത ധോണി അവസാന ഓവറിലാണ് പുറത്തായത്.

ടീമില്‍ രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും സ്പിന്നര്‍മാരായി അന്തിമ ഇലവനില്‍ എത്തിയപ്പോള്‍ പേസര്‍മാരായി ഭുവനേശ്വര്‍കുമാറും ജസ്പ്രീത് ബൂമ്രയും സ്ഥാനം നിലനിര്‍ത്തി.