ക്രൈസ്റ്റ്ചർച്ച്: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരേ ഓസ്ട്രേലിയയ്ക്കു ബാറ്റിംഗ്. ടോസ് നേടിയ ഓസീസ് നായകൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സെമി ഫൈനൽ കളിച്ച ടീമിൽ മാറ്റം വരുത്താതെയാണ് ഇരുടീമുകളും ഫൈനലിന് ഇറങ്ങുന്നത്. ന്യൂസിലൻഡിലെ ബേ ഓവലിൽനടക്കുന്ന മത്സരം പകലും രാത്രിയുമായാണ് നടക്കുന്നത്.
പാക്കിസ്ഥാനെ 203 റണ്‍സിനു കശക്കി ഇന്ത്യ കലാശപ്പോരിനിറങ്ങുന്പോൾ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയാണ് കങ്കാരുക്കൾ ഫൈനലിലെത്തിയത്. ഇന്നു വിജയിക്കാനായാൽ കൗമാര ലോകകപ്പ് നാലു തവണ നേടുന്ന ഏക ടീമായി ഇന്ത്യമാറും. ഇന്ത്യയും ഓസ്ട്രേലിയയും മൂന്നു തവണ വീതം ലോകകിരീടം നേടിയിട്ടുണ്ട്. ഇന്ത്യയുടെ ആദ്യമത്സരവും അവസാന മത്സരവും ഓസ്ട്രേലിയയ്ക്കെതിരെയാണെന്ന പ്രത്യേകതയും ഇന്നത്തെ പോരാട്ടത്തിനുണ്ട്.
ആദ്യ മത്സരത്തിൽ ഇരുടീമും മുഖാമുഖം വന്നപ്പോൾ ഇന്ത്യ 100 റണ്‍സിന്റെ കൂറ്റൻ വിജയം സ്വന്തമാക്കിയിരുന്നു. എല്ലാ മത്സരങ്ങളിലും അർധസെഞ്ചുറി നേടിയ ശുഭ്മാനിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഒപ്പം നായകൻ പൃഥ്വി ഷായും മികച്ച ഫോമിലാണ്. ബൗളിംഗിൽ അനുകൂൽ റോയി, ഇഷാൻ പോറൽ തുടങ്ങിയവരുടെ മികവ് ഇന്ത്യക്കു കരുത്താകും.
