ബംഗലൂരു:ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് ജയിച്ചേ മതിയാകൂ. തോറ്റാല്‍ പരമ്പര നഷ്ടമെന്ന നാണക്കേടാണ് കോലിയെയും സംഘത്തെയും കാത്തിരിക്കുന്നത്. ആദ്യ ടി20യിലെ അവസാന പന്തിലെ തോല്‍വി ഇന്ത്യന്‍ ആരാധകര്‍ക്ക് പോലും അത്ര ദഹിച്ചിട്ടില്ല.

അവസാന ഓവര്‍ എറിഞ്ഞ ഉമേഷ് യാദവിന്റെ ബൗളിംഗാണ് കളി കൈവിടാന്‍ കാരണമെന്ന വാദമുണ്ടെങ്കിലും ബാറ്റ്സ്മാന്‍മാര്‍ സ്കോര്‍ ബോര്‍ഡില്‍ വേണ്ടത്ര റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നില്ലെന്ന യാഥാര്‍ഥ്യവും കാണാതിരുന്നുകൂടാ. രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റങ്ങള്‍ എന്തായാലും ഉണ്ടാവുമെന്നാണ് സൂചന. ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

ഓപ്പണിംഗില്‍ രോഹിത് ശര്‍മയും ലോകേഷ് രാഹുലും തന്നെ തുടരാനാണ് സാധ്യത. രോഹിത് ഫോമിലായിട്ടില്ല എന്നതാണ് ഇന്ത്യയെ വലയ്ക്കുന്നത്. രാഹുല്‍ ആദ്യ മത്സരത്തിലെ അര്‍ധസെഞ്ചുറിയോടെ ടീമിലെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.വണ്‍ ഡൗണായി ക്യാപ്റ്റന്‍ വിരാട് കോലി എത്തുമ്പോള്‍ നാലാമനായി ഋഷഭ് പന്തിന് ഒരവസരം കൂടി നല്‍കാനാണ് സാധ്യത.

എംഎസ് ധോണി തുടരുമ്പോള്‍ ദിനേശ് കാര്‍ത്തിക്കിന് പകരം ബൗളിംഗ് കൂടി കണക്കിലെടുത്ത് കേദാര്‍ ജാദവിന് അവസരം നല്‍കാനുള്ള സാധ്യതയുണ്ട്. ആദ്യ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും  ക്രുനാല്‍ പാണ്ഡ്യക്ക് പകരം വിജയ് ശങ്കറും യുസ്‌വേന്ദ്ര ചാഹലിന് പകരം കുല്‍ദീപ് യാദവും അന്തിമ ഇലവനില്‍ എത്താനുള്ള സാധ്യതയുണ്ട്. പേസ് ബൗളിംഗിലാണ് മറ്റൊരു മാറ്റം പ്രതീക്ഷിക്കുന്നത്. ആദ്യ മത്സരത്തിലെ തോല്‍വിക്ക് ഏറെ പഴി കേട്ട ഉമേഷ് യാദവിന് പകരം സിദ്ധാര്‍ഥ് കൗള്‍ അന്തിമ ഇലവനിലെത്താന്‍ സാധ്യതയുണ്ട്.