വിശാഖപട്ടണം: ഇന്ത്യാ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ ആദ്യ മത്സരം ഞായറാഴ്ച വിശാഖപട്ടണത്ത് നടക്കും. വിരാട് കോലിയും ജസ്പ്രീത് ബൂമ്രയും തിരിച്ചെത്തുന്നതോടെ അന്തിമ ഇലവനില്‍ നിന്ന് ആരൊക്കെ പുറത്താവുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ തിളങ്ങിയില്ലെങ്കിലും ഓപ്പണിംഗില്‍ രോഹിത് ശര്‍മ-ശീഖര്‍ ധവാന്‍ സഖ്യം തന്നെയാകും ഇറങ്ങുക. മികച്ച തുടക്കങ്ങള്‍ വലിയ സ്കോറായി മാറ്റാന്‍ പറ്റുന്നില്ലെന്നാണ് ധവാന്റെ പ്രശ്നം. വണ്‍ ഡൗണായി ക്യാപ്റ്റന്‍ വിരാട് കോലി തിരിച്ചെത്തും. ന്യൂസിലന്‍ഡിനെതിരായ ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുശേഷം വിശ്രമത്തിലായിരുന്ന കോലി ഇടവേളക്കുശേഷമാണ് തിരിച്ചെത്തുന്നത്.

നാലാം നമ്പറില്‍ ഋഷഭ് പന്ത് ഇറങ്ങാനാണ് സാധ്യത. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഒരു മത്സരത്തിലൊഴികെ ഭേദപ്പെട്ട പ്രകടനമായിരുന്നു പന്ത് പുറത്തെടുത്തത്. ഹര്‍ദ്ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായതിനാല്‍ വിജയ് ശങ്കര്‍ ആകും അഞ്ചാമനായി ഇറങ്ങുക. ന്യൂസിലന്‍ഡിനെതിരെ വണ്‍ഡൗണായി എത്തി മികച്ച പ്രകടനമാണ് ശങ്കര്‍ പുറത്തെടുത്തത്.

എംഎസ് ധോണിയാകും ആറാം നമ്പറില്‍ എത്തുക. ഓസ്ട്രേലിക്കെതിരായ ഏകദിന പരമ്പരയില്‍ മാന്‍ ഓഫ് ദ് സീരീസ് ആയെങ്കിലും ബാറ്റിംഗില്‍ തുടര്‍ന്നും ആ ഫോം നിലനിര്‍ത്താന്‍ ധോണിക്കായിട്ടില്ല. ഏഴാം നമ്പറില്‍ ഫിനിഷറായി ദിനേശ് കാര്‍ത്തിക്ക് തന്നെ എത്താനാണ് സാധ്യത. സ്പിന്‍ ബൗളിംഗ് ഓള്‍ റൗണ്ടറായി എട്ടാം നമ്പറില്‍ ക്രുനാല്‍ പാണ്ഡ്യ ഇറങ്ങും. സ്പിന്നറായി കുല്‍ദീപ് യാദവ് എത്തുമ്പോള്‍ പേസ് ബൗളര്‍മാരായി ജസ്പ്രീത് ബൂമ്രയും സിദ്ധാര്‍ഥ് കൗളും ടീമിലെത്താനാണ് സാധ്യത.