ബംഗലൂരു: തുടര്‍ച്ചയായ പത്താം ഏകദിന വിജയത്തിനായി ഇന്ത്യ വിയര്‍പ്പൊഴുക്കേണ്ടിവരുും. ബംഗലൂരു ഏകദിനത്തില്‍ ഡേവിഡ് വാര്‍ണറുടെ നേതൃത്വത്തില്‍ അടിച്ചുതകര്‍ത്ത ഓസീസ് ഇന്ത്യക്ക് 335 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ചു. തന്റെ കരിയറിലെ നൂറാം ഏകദിനത്തില്‍ സെഞ്ചുറി നേടിയ വാര്‍ണറും കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറിക്കാരനായ ആരോണ്‍ ഫിഞ്ചുമാണ് ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചോടിച്ചത്.

വാര്‍ണറും ഫിഞ്ചും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 35 ഓവറില്‍ 231 റണ്‍സ് അടിച്ചുകൂട്ടിയതോടെ ഇന്ത്യയുടെ പ്രതീക്ഷയറ്റു. 45 പന്തില്‍ 50 അടിച്ച വാര്‍ണര്‍ 103 പന്തിലാണ് സെഞ്ചുറിയിലെത്തിയത്. എന്നാല്‍ 119 പന്തില്‍ 124 റണ്‍സെടുത്ത വാര്‍ണറെയും സെഞ്ചുറിക്ക് ആറ് റണ്‍സകലെ ഫിഞ്ചിനെയും(94), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെയും(3) തുടര്‍ച്ചയായ ഓവറുകളില്‍ നഷ്ടമായതോടെ ഓസീസിന്റെ സ്കോറിംഗ് വേഗം കുറച്ചു.

ട്രാവിസ് ഹെഡും(29), പീറ്റര്‍ ഹാന്‍ഡ്സ്കോബും(30 പന്തില്‍ 43) അവസാന ഓവറുകളില്‍ ആഞ്ഞടിച്ചാണ് ഓസീസിനെ 300 കടത്തിയത്. അവസാന ഓവറില്‍ ഒരു സിക്സറും ബൗണ്ടറിയും നേടിയ സ്റ്റോയ്‌നിസ്(9 പന്തില്‍ 15 നോട്ടൗട്ട്) ഓസീസിന് ഈ പരമ്പരയിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ സമ്മാനിച്ചു. ഓപ്പണര്‍മാര്‍ ക്രീസില്‍ നിന്നപ്പോള്‍ 375ന് അപ്പുറമുള്ള സ്കോര്‍ ലക്ഷ്യം വെച്ച ഓസീസിനെ 334ല്‍ ഒതുക്കാനായത് ഇന്ത്യക്ക് ആശ്വാസമായി. ഇന്ത്യക്കായി ഉമേഷ് യാദവ് 71 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തു. മൂന്നാം ഏകദിനം കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായ ഇന്ത്യ ഇറങ്ങിയത്. ബൂമ്രയ്ക്കും, ഭുവനേശ്വറിനും, കുല്‍ദീപിനും പകരം ഷാമിയം, ഉമേഷും, അക്ഷര്‍ പട്ടേലും ടീമിലെത്തി.