മഴപ്പേടിയില്‍ ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ഏകദിനം ഇന്ന് കൊല്‍ക്കത്തയില്‍. ജയം തുടരാന്‍ ഇന്ത്യയിറങ്ങുമ്പോള്‍ പരമ്പരയിലേക്ക് തിരിച്ചുവരികയാണ് ഓസീസിന്റെ ലക്ഷ്യം

ഇന്ത്യയോ ഓസ്‍ട്രേലിയോ ആര് നന്നായി കളിച്ചാലും കുഴപ്പമില്ല. ഈഡന്‍ ഗാര്‍ഡന്‍സില്‍ മഴ കളിക്കരുതെന്ന് മാത്രമാണ് ആരാധകരുടെ ആഗ്രഹം. മഴയുണ്ടാകുമെങ്കിലും കളി മുടങ്ങില്ലെന്നാണ് കാലാവസ്ഥ നിരീക്ഷരുടെ വാദം. കാര്യങ്ങള്‍ അനുകൂലമെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലിയും പറയുന്നു. എന്നാല്‍ മഴയായതിനാല്‍ ടീമുകളുടെ പരിശീലനം പോലും മുടങ്ങിയിരുന്നു. 

ആദ്യ കളി ജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയിറങ്ങുന്നത്. ചെന്നൈയില്‍ മുന്നേറ്റനിര തകര്‍ന്നെങ്കിലും ധോണിയും ഹര്‍ദ്ദിഖും ചേര്‍ന്ന് ടീമിനെ മികച്ച സ്കോറിലെത്തിച്ചു. ബൗളര്‍മാര്‍ കണ്ടറിഞ്ഞ് പന്തെറിഞ്ഞതോടെ ജയം നീലപ്പടക്കൊപ്പമായിഅതേസമയം നല്ല തുടക്കം ലഭിച്ചിട്ടും മുതലാക്കാനാകാത്തതാണ് ഓസീസിന് തിരിച്ചടിയായത്. എന്നാല്‍ ഇന്ന് കളിമാറുമെന്ന് കങ്കാരുക്കള്‍ പറയുന്നു. നൂറാം ഏകദിനം എന്നതിനാല്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും മത്സരം പ്രത്യേകതയുള്ളതാണ്.