ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് 180 റണ്‍സിനടുത്തെങ്കിലും സ്കോര്‍ ചെയ്യാനാവുമെന്നും ബാറ്റ്സ്മാന്‍മാര്‍ക്ക് അനുകൂല സാഹചര്യമാണെന്നും സുധാകര്‍ റാവു പറഞ്ഞു.

ബംഗലൂരു: തോറ്റാല്‍ പരമ്പര നഷ്ടമാവുമെന്ന തിരിച്ചറിവില്‍ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20ക്ക് ഇറങ്ങുന്ന വിരാട് കോലിക്കും സംഘത്തിനും ആശ്വാസം നല്‍കുന്ന വാര്‍ത്തയുമായി കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍. രണ്ടാം ടി20ക്ക് ആതിഥ്യം വഹിക്കുന്ന ബഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ച് ബാറ്റിംഗ് പറുദീസയാകുമെന്ന് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആര്‍ സുധാകര്‍ റാവു പറഞ്ഞു.

ഉറപ്പുള്ളതും ബൗണ്‍സുള്ളതുമായ പിച്ചാണ് ചിന്നസ്വാമിയില്‍ ഒരുക്കിയിരിക്കുന്നത്. ഇത് ബാറ്റ്സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുമെന്ന് സുധാകര്‍ റാവു വ്യക്തമാക്കി. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് 180 റണ്‍സിനടുത്തെങ്കിലും സ്കോര്‍ ചെയ്യാനാവുമെന്നും ബാറ്റ്സ്മാന്‍മാര്‍ക്ക് അനുകൂല സാഹചര്യമാണെന്നും സുധാകര്‍ റാവു പറഞ്ഞു. മികച്ച ബൗണ്‍സുണ്ടാകുമെന്നതിനാല്‍ ബൗളര്‍മാര്‍ക്കും മികവുകാട്ടാന്‍ അവസരമുണ്ട്.

വിശാഖപട്ടണത്ത് നടന്ന ആദ്യ ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 20 ഓവറില്‍ 126 റണ്‍സടിക്കാനെ കഴിഞ്ഞുള്ളു. രണ്ടാമത് ബാറ്റ് ചെയ്ത ഓസീസാകട്ടെ നല്ല തുടക്കത്തിനുശേഷം തകര്‍ന്നടിഞ്ഞു. അവസാന പന്തിലാണ് ഓസ്ട്രേലിയ ജയിച്ചു കയറിയത്. വലിയ സ്കോര്‍ പ്രതീക്ഷിച്ചെത്തിയ ആരാധകരെ നിരാശാക്കുന്നതായിരുന്നു ഇരു ടീമുകളുടെയും പ്രകടനം.