ഓസ്ട്രേലിയന്‍ ടീമിലെ പുതിയ ഓപ്പണറായ മാര്‍ക്കസ് ഹാരിസിനെപ്പോലെ ഷില്ലറെയും ടീമിലെ പുതുമുഖമായി കണക്കാക്കി കൂടെ കൊണ്ടു നടക്കുകയാണ് ഇപ്പോള്‍ ഓസീസ് ടീം. രോഗവുമായി മല്ലിട്ട് ആശുപത്രിയില്‍ ഏറെക്കാലം ചെലവഴിച്ച ഷില്ലറുടെ മുഖത്ത് വീണ്ടും പഴയ ചിരി വിടര്‍ത്താന്‍ തങ്ങളാലാവുന്നത് ചെയ്യുന്നുവെന്നാണ് ഷില്ലറെ ഓസീസ് ടീമിലെടുത്തതതിനെക്കുറിച്ച് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറുടെ പ്രതികരണം.

അഡ്‌ലെയ്ഡ്: ഇന്ത്യാ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍ ടീമിന്റെ അന്തിമ ഇലവനില്‍ ആര്‍ച്ചി ഷില്ലറെന്ന ആറു വയസുകാരനുമുണ്ടാകുമോ. ചോദ്യം അതിശയോക്തിപരമാണെങ്കിലും ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള ഓസീസ് ടീമില്‍ ആര്‍ച്ചി ഷില്ലറെന്ന ആറു വയസുകാരനുണ്ടെന്നത് ഒട്ടും അതിശയമില്ലാത്ത യാഥാര്‍ഥ്യമാണ്. ടീമിലെടുത്ത ഉടനെ ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ കാര്യം താന്‍ നോക്കിക്കൊള്ളാമെന്ന് ഓസീസ് സ്പിന്നര്‍ നേഥന്‍ ലിയോണിന് ഷില്ലര്‍ ഉറപ്പും നല്‍കുകയും ചെയ്തു.

ആറു വയസെയുള്ളൂവെങ്കിലും ലെഗ് സ്പിന്നറാകണമെന്നും ഓസീസിന്റെ ബാഗ് ഗ്രീന്‍ ക്യാപ് അണിയണമെന്നതുമായിരുന്നു കുഞ്ഞു ഷില്ലറുടെ ഏറ്റവും വലിയ ആഗ്രഹം. പക്ഷെ ആ ആഗ്രഹത്തിലേക്ക് ചുവടുവെക്കാന്‍ തുടങ്ങും മുമ്പെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഹൃദ്രോഗം അവന്റെ ജീവിതം വഴിതിരിച്ചുവിട്ടു. പിന്നീട് ആശുപത്രിയിലും വീട്ടിലുമായി കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കൊടുവില്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നതിന്റെ ആഘോഷം ബോക്സിംഗ് ഡേയോട് അനുബന്ധിച്ച് തുടങ്ങാനിരിക്കെയാണ് ഓസ്ട്രേലിയന്‍ ടീമിന്റെ ഭാഗമാകാന്‍ ക്ഷണിച്ച് ഓസീസ് കോച്ച് ജസ്റ്റിന്‍ ലാംഗറുടെ ഫോണ്‍ വിളി ഷില്ലറെ തേടി എത്തുന്നത്.

ഓസ്ട്രേലിയന്‍ ടീമിലെ പുതിയ ഓപ്പണറായ മാര്‍ക്കസ് ഹാരിസിനെപ്പോലെ ഷില്ലറെയും ടീമിലെ പുതുമുഖമായി കണക്കാക്കി കൂടെ കൊണ്ടു നടക്കുകയാണ് ഇപ്പോള്‍ ഓസീസ് ടീം. രോഗവുമായി മല്ലിട്ട് ആശുപത്രിയില്‍ ഏറെക്കാലം ചെലവഴിച്ച ഷില്ലറുടെ മുഖത്ത് വീണ്ടും പഴയ ചിരി വിടര്‍ത്താന്‍ തങ്ങളാലാവുന്നത് ചെയ്യുന്നുവെന്നാണ് ഷില്ലറെ ഓസീസ് ടീമിലെടുത്തതതിനെക്കുറിച്ച് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറുടെ പ്രതികരണം.

Scroll to load tweet…

ജനിച്ച് മൂന്നാം മാസത്തിലാണ് കുഞ്ഞു ഷില്ലറുടെ ഹൃദയത്തിന് വലിയ തകരാറുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഉടന്‍ മെല്‍ബണിലെ ആശുപത്രിയില്‍ ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് വിധേയനാക്കിയ ഷില്ലറുടെ ഹൃദയ വാല്‍വുകള്‍ ആറ് മാസത്തിനുശേഷം വീണ്ടും പണി മുടക്കുകയും ഹൃദയമിടിപ്പ് അസാധാരണ നിലയിലാകുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ ഷില്ലറെ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്കും വിധേയനാക്കി.

അതിനുശേഷം ജീവിതത്തിലെ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഷില്ലര്‍ അനിയന്‍ ഹാരിസിനും മാതാപിതാക്കളായ സാറക്കും ഡാമിയനുമൊപ്പം ഏഴാം പിറന്നാളും ബോക്സിം ഡേയും ആഘോഷിക്കാന്‍ ഒരുങ്ങുകയായിരുന്നു. ഓസീസ് താരങ്ങളുടെ കടുത്ത ആരാധകനായ കുഞ്ഞു ഷില്ലറെക്കുറിച്ച് കേട്ടറിഞ്ഞ ലാംഗര്‍ അവനെ നേരിട്ട് ഫോണില്‍ വിളിക്കുകയായിരുന്നു. ഷില്ലറുടെ ജീവിതകഥയെക്കുറിച്ച് ഓസീസ് ടീം അംഗങ്ങള്‍ക്കും ലാംഗര്‍ വിശദീകരിച്ചുകൊടുത്തു. അഡ്‌ലെയ്ഡില്‍ ഓസ്ട്രേലിയന്‍ ടീമിന്റെ പരീശീലനത്തില്‍ താരമാണിപ്പോള്‍ ആ ആറു വയസുകാരന്‍. ഇതൊക്കെയാണെങ്കിലും കുഞ്ഞു ഷില്ലറോട് ഒരു കാര്യം ലാംഗര്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. മൂന്നാം ടെസ്റ്റിനുള്ള ടീമിലെടുത്തുവെന്ന് വെച്ച് അന്തിമ ഇലവനില്‍ സ്ഥാനം ഉറപ്പില്ല, അത് കഠിന പരിശീലനം നടത്തി ഫോം തെളിയിച്ചാല്‍ മാത്രമെ ലഭിക്കൂവെന്ന്. ഡിസംബര്‍ 26 മുതല്‍ 30വരെ മെല്‍ബണിലാണ് ബോക്സിംഗ് ഡേ ടെസ്റ്റ്.