റാഞ്ചി: ഇന്ത്യാ-ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് വ്യാഴാഴ്ച റാഞ്ചിയില്‍ തുടക്കമാവാനിരിക്കെ പിച്ചിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി. മൂടിയിട്ടിരുന്ന പിച്ചിലെ കവറുകള്‍ ഇന്ന് നീക്കം ചെയ്തതോടെയാണ് പിച്ചിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ക്രിക്കറ്റ് ലോകത്ത് സജീവമായത്. പുല്ല് മുഴുവന്‍ നീക്കം ചെയ്ത വരണ്ട പിച്ചാണ് ആദ്യ കാഴ്ചയില്‍ റാഞ്ചിയിലേത്. ആദ്യ പന്തുമുതല്‍ സ്പിന്നിനെ തുണയ്ക്കുന്നതാകും പിച്ചെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ആദ്യ രണ്ട് ടെസ്റ്റിലും ഓസീസ് സ്പിന്നര്‍മാരായ ഒക്കീഫേയും ലയോണും തിളങ്ങിയ സാഹചര്യത്തില്‍ റാഞ്ചിയില്‍ ഇന്ത്യയ്ക്ക് പണി കിട്ടുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
ഈ പിച്ചില്‍ അഞ്ചു ദിവസം കളി നടക്കില്ലെന്നും മൂന്ന് ദിവസം നീളുന്ന മറ്റൊരു ടെസ്റ്റിനാവും റാഞ്ചി വേദിയാവുകയെന്നും വിമര്‍ശനങ്ങളുയരുന്നുണ്ട്. പിച്ചില്‍ നിന്ന് കാര്യമായ ബൗണ്‍സ് ലഭിക്കില്ലെന്നാണ് വിലയിരുത്തല്‍. അങ്ങനെവന്നാല്‍ ജഡേജയും ഒക്കീഫേയുമായിരിക്കും റാഞ്ചിയില്‍ അശ്വിനേക്കാളും ലയോണിനേക്കാളും അപകടകാരികളാവുക. ബൗണ്‍സ് കുറഞ്ഞ പിച്ചാണെങ്കില്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്കും മത്സരത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താനാവും. ആദ്യ രണ്ട് ടെസ്റ്റുകളിലേതുപോലെ ഈ മത്സരത്തിലും ടോസ് നിര്‍ണായകമാവും. ടോസ് നേടുന്ന ടീം ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.
ഇന്ത്യന്‍ സ്പിന്നര്‍മാരെ സഹായിക്കാനായി പിച്ചിലെ പുല്ല് മുഴുവന്‍ വെട്ടി നീക്കിയിരിക്കുകയാണെന്ന് പറഞ്ഞ് ഓസീസ് മാധ്യമപ്രവര്‍ത്തകന്‍ ആന്‍ഡ്ര്യൂ റാംസേ ഇട്ട ട്വീറ്റും ശ്രദ്ധേയമാണ്.
സ്പിന്നര്‍മാരെ സഹായിക്കുമെന്ന് കരുതുന്ന പിച്ചില്‍ ഏഴ് ബാറ്റ്സ്മാന്‍മാര്‍ വേണോ അഞ്ച് ബൗളര്‍മാര്‍ വേണോ എന്നതും ഇന്ത്യയ്ക്ക് തലവേദനയുണ്ടാക്കുന്ന കാര്യമാണ്. ആദ്യ രണ്ട് ടെസ്റ്റിലും ബാറ്റിംഗ് നിര തിളങ്ങാത്ത സാഹചര്യത്തില്‍ കരുണ്‍ നായരെ നിലനിര്‍ത്താനാണ് സാധ്യത.
എന്നാല്‍ ജയന്ത് യാദവിനെക്കൂടി ഉള്‍പ്പെടുത്തിയാല്‍ ഓസീസിന് കാര്യങ്ങള്‍ കടുപ്പമാവുമെന്നതും ഇന്ത്യന്‍ ടീമിന്റെ ചിന്തയിലുണ്ട്. ഓസ്ട്രേലിയയും മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അങ്ങനെവന്നാല്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് പകരം ലെഗ് സ്പിന്നര്‍ മിച്ചല്‍ സ്വേപ്സണോ ഓള്‍ റൗണ്ടര്‍ ആഷ്ടണ്‍ ആഗര്‍ക്കോ ഓസീസ് അവസരമൊരുക്കും.
ഈ വര്‍ഷം റാഞ്ചിയില്‍ നടന്ന രഞ്ജി ട്രോഫി മത്സരങ്ങളില്‍ സ്പിന്നര്‍മാര്‍ക്കും പേസര്‍മാര്‍ക്കും ഒരുപോലെ അനൂകൂലമായിരുന്നു പിച്ച്. 279.4 ഓവറില്‍ പേസര്‍മാര്‍ 28 വിക്കറ്റെടുത്തപ്പോള്‍ 312.1 ഓവറില്‍ സ്പിന്നര്‍മാര്‍ 34 വിക്കറ്റ് വീഴ്‌ത്തി. റാഞ്ചി ടെസ്റ്റിനായി മൂന്ന് പിച്ചുകളാണ് തയാറാക്കിയിരിക്കുന്നതെന്നും ഇന്ത്യന്‍ ടീമിന് ഇഷ്ടമുള്ള പിച്ച്
