സിഡ്നി: സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ കളിച്ചേക്കില്ലെന്നത് ശുഭവാര്‍ത്തയെന്ന് ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍. മത്സരത്തലേന്ന് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അശ്വിന്റെ അഭാവം ഓസ്ട്രേലിയക്ക് നല്ല വാര്‍ത്തയാണെന്ന് പെയ്ന്‍ പറഞ്ഞത്.

സിഡ്നിയിലെ സാഹചര്യങ്ങള്‍ ശരിക്കും അശ്വിന് അനുകൂലമാകുമായിരുന്നു. സിഡ്നിയിലെ പിച്ച് പരമ്പരാഗതമായി സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണ്. ഉയരം മുതലെടുത്ത് സിഡ്നിയില്‍ അശ്വിന് മികച്ച നേട്ടം കൊയ്യാന്‍ ആവുമായിരുന്നു. സിഡ്നി ടെസ്റ്റില്‍ അശ്വിന്‍ കളിച്ചേക്കില്ലെന്ന വാര്‍ത്ത തന്റെ ടീമിലെ മറ്റ് ബാറ്റ്സ്മാന്‍മാര്‍ക്കും സന്തോഷം നല്‍കുമെന്നും പെയ്ന്‍ പറഞ്ഞു.

അശ്വിനില്ലെങ്കിലും ജഡേജയും കുല്‍ദീപ് യാദവും ഇന്ത്യന്‍ ടീമില്‍ ഉണ്ടെന്നതിനാല്‍ ഓസീസ് കരുതിയിരിക്കണമെന്ന് പെയ്ന്‍ പറഞ്ഞു. കുല്‍ദീപ് ഈ ടെസ്റ്റ് പരമ്പരയില്‍ കളിച്ചിട്ടില്ലെങ്കിലും പ്രതിഭയുളള ബൗളറാണ്. ജഡേജയാകട്ടെ മെല്‍ബണില്‍ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമാക്കുകയും ചെയ്തുവെന്നും പെയ്ന്‍ പറഞ്ഞു.

അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് അശ്വിന് അടിവയറില്‍ പരിക്കേറ്റത്. തുടര്‍ന്ന് രണ്ടും മൂന്നും ടെസ്റ്റുകള്‍ അശ്വിന് നഷ്ടമായിരുന്നു. സിഡ്നി ടെസ്റ്റിനുള്ള 13 അംഗ ടീമില്‍ അശ്വിനെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കളിച്ചേക്കില്ലെന്നാണ് സൂചന.