മായങ്കിന്റെ പ്രകടനം കണ്ടിരിക്കുന്ന രാഹുലും വിജയ്‌യും ഞങ്ങള്‍ നിക്കണോ അതോ പോണോ എന്ന് ചോദിക്കുന്നതാണ് രസകരമായ ഒരു ട്രോള്‍.
മെല്‍ബണ്‍: അരങ്ങേറ്റ ടെസ്റ്റില്‍ അര്‍ധസെഞ്ചുറിയുമായി മായങ്ക് അഗര്‍വാള്‍ വരവറിയിച്ചതോടെ കെ എല്‍ രാഹുലിനെതിരെ ട്രോളുകളുമായി സോഷ്യല്‍ മീഡിയ. ആദ്യ രണ്ട് ടെസ്റ്റിലെ നാല് ഇന്നിംഗ്സുകളിലും രാഹുല്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മൂന്നാം ടെസ്റ്റിനായി രാഹുലിന്റെ നാട്ടുകാരന്‍ തന്നെയായ മായങ്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.
അരങ്ങേറ്റ മത്സരത്തില്‍ 76 റണ്‍സുമായി മായങ്ക് തിളങ്ങിയതോടെ രാഹുലിനെയും മുരളി വിജയ്‌യെയും കളിയാക്കിക്കൊല്ലുകയാണ് ട്രോളന്‍മാര്‍. മായങ്കിന്റെ പ്രകടനം കണ്ടിരിക്കുന്ന രാഹുലും വിജയ്‌യും ഞങ്ങള്‍ നിക്കണോ അതോ പോണോ എന്ന് ചോദിക്കുന്നതാണ് രസകരമായ ഒരു ട്രോള്‍. നീ ഇിനി താടിയില്‍ മാത്രം ശ്രദ്ധിക്കൂ, ഓപ്പണിംഗ് ഇനി ഞാന്‍ നോക്കിക്കൊള്ളാമെന്ന് മായങ്ക് രാഹുലിന്റെ താടിയില്‍ പിടിച്ച് പറയുന്നൊരു ട്രോളും ആരാധകര്‍ ഇറക്കിയിട്ടുണ്ട്.
ആദ്യ രണ്ട് ടെസ്റ്റില്‍ കെ എല്‍ രാഹുലും മുരളി വിജയും ഓപ്പണിംഗില്‍ അമ്പേ പരാജയപ്പെട്ടിരുന്നു. ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ ഇരുവര്‍ക്കുമായില്ല. ഓപ്പണിംഗിലെ സ്ഥിരതയില്ലായ്മ ഇന്ത്യയുടെ മധ്യനിരയെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ആഭ്യന്തര ക്രിക്കറ്റില്‍ ഏറെക്കാലമായി സ്ഥിരതയാര്‍ന്ന പ്രകടനം തുടരുന്ന മായങ്കിനെ സെലക്ടര്‍മാര്‍ ടീമിലെടുത്തത്.
