പരിക്കുമൂലം ഭുവനേശ്വര്‍കുമാര്‍, ജസ്പ്രീത് ബൂമ്ര തുടങ്ങിയവരുടെ സേവനം ഓഗസ്റ്റ് ഒന്നിന് ബര്‍മിംഗ്ഹാമില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ലഭ്യമാവില്ല.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പെ ഇന്ത്യക്ക് മറ്റൊരു തിരിച്ചടി കൂടി. സസെക്സിനെതിരായ പരിശീലന മത്സരത്തിനിടെ സ്പിന്നര്‍ ആര്‍ അശ്വിന് വിരലിന് പരിക്കേറ്റതാണ് ഇന്ത്യക്ക് ആശങ്ക സമ്മാനിക്കുന്നത്. മുന്‍കരുതലെന്ന നിലയില്‍ അശ്വിന്‍ രണ്ടാം ദിനം കൂടുതല്‍ ബൗള്‍ ചെയ്തില്ല. അതേസമയം, അശ്വിന്റെ പരിക്ക് സാരമുള്ളതല്ലെന്നും അദ്ദേഹം നെറ്റ്സില്‍ പന്തെറിഞ്ഞുവെന്നും ടീം മാനേജ്മെന്റ് അറിയിച്ചു.

ആദ്യ ടെസ്റ്റില്‍ അശ്വിന്‍ കളിക്കുമെന്നുതന്നെയാണ് ഇപ്പോഴത്തെ സൂചന. പരിക്കുമൂലം ഭുവനേശ്വര്‍കുമാര്‍, ജസ്പ്രീത് ബൂമ്ര തുടങ്ങിയവരുടെ സേവനം ഓഗസ്റ്റ് ഒന്നിന് ബര്‍മിംഗ്ഹാമില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ലഭ്യമാവില്ല. ഭുവനേശ്വറിന് പരമ്പരതന്നെ നഷ്ടമയേക്കുമെന്നാണ് സൂചന. അതേസയം,ബൂമ്ര രണ്ടാം ടെസ്റ്റിലോ മൂന്നാം ടെസ്റ്റിലോ കളിച്ചേക്കും.

വിദേശപിച്ചുകളില്‍ കാര്യമായ മികവ് കാട്ടാത്ത അശ്വിന് പകരം ആദ്യ ടെസ്റ്റില്‍ കുല്‍ദീപ് യാദവിനെ ഫസ്റ്റ് ഇലവനില്‍ കളിപ്പിക്കണമെന്ന് നേരത്തെ പലകോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ബാറ്റിംഗ് മികവ് കൂടി കണക്കിലെടുത്ത് അശ്വിന്‍ ഫസ്റ്റ് ഇലവനില്‍ കളിക്കുമെന്ന് ഉറപ്പാണ്. രണ്ടാം സ്പിന്നറായി ജഡേജക്ക് പകരം കുല്‍ദീപ് യാദവ് ടീമിലെത്തിയേക്കും.