മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകളാണ് ഇന്ത്യന്‍ നായകന്‍ വലയിലാക്കിയത്

മുംബൈ: ഇന്‍റർ കോണ്ടിനെന്‍റൽ കപ്പിന്‍റെ കലാശ പോരാട്ടത്തില്‍ ആത്മവിശ്വാസത്തോടെ ആതിഥേയരായ ഇന്ത്യ ഇറങ്ങുന്നു. ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ കെനിയയാണ് എതിരാളികള്‍. നിർണായക മത്സരത്തിൽ ചൈനീസ് തായ്പേയിയെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്തതോടെയാണ് കെനിയ ഫൈനൽ മത്സരത്തിന് യോഗ്യത നേടിയത്. മത്സരങ്ങളെല്ലാം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയ്ക്കും കെനിയക്കും ന്യുസിലന്‍റിനും ആറ് പോയിന്‍റ് വീതമാണ് ലഭിച്ചത്. ഗോൾ ശരാശരിയിൽ പക്ഷേ കീവികള്‍ മൂന്നാം സ്ഥാനത്തായി.

ആദ്യ മത്സരത്തില്‍ ചെെനീസ് തായ്പെയിയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കും കെനിയയെ മൂന്നു ഗോളുകള്‍ക്കും പരാജയപ്പെടുത്തിയതാണ് ഇന്ത്യക്ക് ഗുണമായത്. അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടെങ്കിലും ഗോള്‍ ശരാശരിയുടെ മികവില്‍ ഛേത്രിയും സംഘവും കലാശക്കളിയിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു.

മിന്നുന്ന ഫോമില്‍ കളിക്കുന്ന നായകന്‍ സുനില്‍ ഛേത്രി തന്നെയാണ് ഇന്ത്യയുടെ കരുത്ത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകളാണ് ഇന്ത്യന്‍ നായകന്‍ വലയിലാക്കിയത്. മുംബൈയിലെ മൈതാനത്ത് ആര്‍ത്തുവിളിക്കാന്‍ ആരാധകര്‍ നിറഞ്ഞൊഴുകിയാല്‍ ഛേത്രിയും സംഘവും കിരീടം ഉയര്‍ത്തുമെന്നുറപ്പാണ്.