മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ അങ്കം നാളെ വെല്ലിങ്ടണില്‍. ന്യൂസീലന്‍ഡ് ടീമില്‍ അഴിച്ചുപണി. വനിതകളുടെ ടി20 പരമ്പരയ്ക്കും നാളെ തുടക്കമാകും. 

വെല്ലിങ്‌ടണ്‍: ഇന്ത്യ- ന്യുസീലന്‍ഡ് ട്വന്‍റി 20 പരമ്പരയ്ക്ക് നാളെ തുടക്കം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ പോരാട്ടം വെല്ലിങ്ടണില്‍ നടക്കും. ഏകദിന പരമ്പര 4-1ന് നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. പരുക്കേറ്റ മാര്‍ട്ടിന്‍ ഗപ്തിലിന് വിശ്രമം നൽകിയ ന്യുസീലന്‍ഡ് ജെയിംസ് നീഷാമിന് അവസരം നൽകിയിട്ടുണ്ട്.

ഏകദിന പരമ്പരയില്‍ തിളങ്ങാന്‍ ഗപ്‌തിലിന് സാധിച്ചിരുന്നില്ല. പരുക്കിനെ തുടര്‍ന്ന് വെല്ലിങ്ടണില്‍ അവസാന ഏകദിനത്തില്‍ കളിക്കാനുമായില്ല. എന്നാല്‍ അവസാന ഏകദിനത്തില്‍ ഇന്ത്യയെ വിറപ്പിച്ചാണ് ഓള്‍റൗണ്ടറായ നീഷാം പകരക്കാരനായി ടീമില്‍ കയറിപ്പറ്റിയത്. നീഷാം 32 പന്തില്‍ 44 റണ്‍സും ഒരു വിക്കറ്റും വീഴ്‌ത്തിയിരുന്നു. ഐസിസി ട്വന്‍റി 20 റാങ്കിംഗില്‍ ഇന്ത്യ രണ്ടാമതും ന്യുസീലന്‍ഡ് ആറാം സ്ഥാനത്തുമാണ്.

ന്യുസീലന്‍ഡിൽ വനിതാ ക്രിക്കറ്റ് ടീമിന്‍റെ ട്വന്‍റി 20 പരമ്പരയ്ക്കും നാളെ തുടക്കമാകും. വനിതകളുടെ ആദ്യ മത്സരവും വെല്ലിംഗ്ടണിലാണ്. രണ്ട് ടീമുകളും വെല്ലിംഗ്ടണില്‍ പരിശീലനം സജീവമാക്കി. ഏകദിന പരമ്പര 2-1ന് നേടിയ ആത്മവിശ്വാസം ഇന്ത്യന്‍ താരങ്ങള്‍ക്കുണ്ട്. ഹര്‍മന്‍പ്രീത് കൗര്‍ ക്യാപ്റ്റനും സ്മൃതി മന്ദാന വൈസ് ക്യാപ്റ്റനുമായ ടീമിൽ മിതാലി രാജും ജെമീമാ റോഡ്രിഗസും അടക്കം പ്രമുഖ താരങ്ങളുണ്ട്. പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്. ഇന്ത്യന്‍ സമയം രാവിലെ 8.30ന് കളികള്‍ തുടങ്ങും