മുംബൈ: ഇരുന്നൂറാം മത്സരത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലി സെഞ്ചുറി നേടിയിട്ടും സ്കോര്‍ ബോര്‍ഡില്‍ 280 റണ്‍സുണ്ടായിട്ടും ഇന്ത്യക്ക് വിജയം നേടാനായില്ല. ബാറ്റിംഗ് വിക്കറ്റല്ലാതിരുന്നിട്ടുപോലും ന്യൂസിലന്‍ഡ് ആധികാരിക ജയം സ്വന്തമാക്കി. ഇന്ത്യന്‍ തോല്‍വിയില്‍ നിര്‍ണായകമായ അഞ്ചു കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ടെയ്‌ലര്‍-ലഥാം കൂട്ടുകെട്ട്

പതിനെട്ടാം ഓവറില്‍ 80/3 എന്ന സ്കോറില്‍ തകര്‍ച്ചയിലായ കീവീസിനെ കരകയറ്റിയത് നാലാം വിക്കറ്റില്‍ റോസ് ടെയ്‌ലറും ടോം ലഥാമും ചേര്‍ന്ന് നേടിയ 200 റണ്‍സായിരുന്നു. അപകടകാരികളായ മാര്‍ട്ടിന്‍ ഗപ്ടിലും, ക്യാപ്റ്റന്‍ കെയ്ന്‍ വില്യാംസണും വമ്പനടിക്കാരനായ കോളിന്‍ മണ്‍റോയും പുറത്തായതോടെ വിജയം ഉറപ്പിച്ച ഇന്ത്യയെ ഞെട്ടിച്ചായിരുന്നു ഇരുവരും മികച്ച കൂട്ടുകെട്ടിലൂടെ കീവിസിനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. ആ സമയം ഇവരിലാരെങ്കിലും ഒരാള്‍ പുറത്തായാല്‍ പരിചയസമ്പന്നരില്ലാത്ത കീവീസ് മധ്യനിര സമ്മര്‍ദ്ദത്തിലാവുമായിരുന്നു. എന്നാല്‍ ലക്ഷ്യബോധത്തോടെ ബാറ്റ് വീശിയ ഇരുവരും അവസരങ്ങളൊന്നും നല്‍കാതെ കീവീസിനെ വിജയത്തിലെത്തിച്ചു.

ബോള്‍ട്ടിളക്കിയ മുന്‍നിര

ശീഖര്‍ ധവാനെയും രോഹിത് ശര്‍മയെയും പുറത്താക്കിയ ട്രെന്റ് ബോള്‍ട്ടാണ് ഇന്ത്യക്ക് മികച്ച തുടക്കം നിഷേധിച്ചത്. ഇതില്‍ നിന്ന് കരകയറാന്‍ ഇന്ത്യ അല്‍പസമയമെടുത്തു. പിന്നീട് അവസാന ഓവറുകളില്‍ ആഞ്ഞടിക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്കും ബോള്‍ട്ട് കടിഞ്ഞാണിട്ടു. ധോണിയെയും ഹര്‍ദ്ദീക് പാണ്ഡ്യയെയും പുറത്താക്കി ബോള്‍ട്ട് 300 കടക്കാമെന്ന എന്ന ഇന്ത്യന്‍ മോഹങ്ങള്‍ തകര്‍ത്തു. റണ്‍സ് വഴങ്ങിയെങ്കിലും മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ സൗത്തിയുടെ ബൗളിംഗും ഇന്ത്യയ്ക്ക് വലിയ സ്കോര്‍ നിഷേധിക്കുന്നതില്‍ നിര്‍ണായകമായി.

തന്ത്രം പിഴച്ച കോലി

മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി ന്യൂസിലന്‍ഡ് പതറിയപ്പോള്‍ ക്രീസിലെത്തിയ ടോം ലഥാമിനും റോസ് ടെയ്‌ലര്‍ക്കും അക്രമണോത്സുക ഫീല്‍ഡിംഗ് ഒരുക്കാതെ കോലി കൈവിട്ട് കളിച്ചു. ഈ സമയം ഒരു വിക്കറ്റ് കൂടി നഷ്ടമായിരുന്നെങ്കില്‍ കീവിസ് കടുത്ത സമ്മര്‍ദ്ദത്തിലാവുമായിരുന്നു.തുടക്കത്തില്‍ മികവുകാട്ടിയ പേസ് ബൗളര്‍മാരെ ഒരിക്കല്‍ കൂടി പന്തേല്‍പ്പിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ വിക്കറ്റ് ലഭിക്കുമായിരുന്നു. എന്നാല്‍ സ്പിന്നര്‍മാര്‍ക്കെതിരെ സിംഗിളുകളിലൂടെ മൂന്നേറിയ ലഥാമും ടെയ്‌ലറും സമ്മര്‍ദ്ദമില്ലാതെ മുന്നേറി.

കാര്‍ത്തിക്കിന്റെയും ധോണിയുടെയും പുറത്താകല്‍

തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷം ദിനേശ് കാര്‍ത്തിക്കും കോലിയും ചേര്‍ന്ന് വമ്പന്‍ സ്കോറിനുള്ള അടിത്തറ ഒരുക്കുന്നതിനിടെയാണ് കാര്‍ത്തിക്ക് അപ്രതീക്ഷിതമായി പുറത്തായത്. തുടക്കത്തില്‍ സമ്മര്‍ദ്ദമില്ലാതെ കളിച്ച കാര്‍ത്തിക്ക് സൗത്തിക്കെതിരെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായി. 41-ാം ഓവറില്‍ ധോണിയും വീണതോടെ വമ്പന്‍ സ്കോറിലേക്കുള്ള ഇന്ത്യന്‍ മുന്നേറ്റത്തിന് കടിഞ്ഞാണ്‍ വീണു.

നിറം മങ്ങിയ കുല്‍ദീപും ചാഹലും

ഓസ്ട്രേലിയയെ വട്ടം കറക്കിയ കുല്‍ദീപ് യാദവും യുസ്വേ‌ന്ദ്ര ചാഹലും മധ്യ ഓവറുകളില്‍ കീവിസിനെതിരെ തീര്‍ത്തും നിറം മങ്ങി. ഇരുവരും ചേര്‍ന്ന് 20 ഓവറില്‍ വഴങ്ങിയത് 125 റണ്‍സായിരുന്നു. വില്യാംസണെ പുറത്താക്കി നല്ലതുടക്കമിട്ട യാദവിന് പിന്നീട് ആ മികവ് തുടരാനായില്ല. സ്വീപ് ഷോട്ടുകളിലൂടെ ഇരുവരെയും നേരിട്ട ടെയ്‌ലറും ലഥാമും സിംഗിളുകളിലൂടെയും ഇടയ്ക്കിടെ നേടിയ ബൗണ്ടറികളിലൂടെയും ഇരുവരെയും നിര്‍വീര്യമാക്കി. ചാഹല്‍ ഓവറില്‍ ആറു റണ്‍സിലേറി വഴങ്ങി ഒരു വിക്കറ്റ് മാത്രമെടുത്തപ്പോള്‍ ചാഹല്‍ 51 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. ഇതോടെ ഇന്ത്യന്‍ വിജയസ്വപ്നങ്ങള്‍ പൊലിഞ്ഞു.