തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യാ-ന്യൂസിലന്‍ഡ് മൂന്നാം ട്വന്റി-20 ഇരു ടീമുകളുടെയും ഫീല്‍ഡിംഗ് മികവിനുകൂടി വേദിയായി. എട്ട് ഓവര്‍ മത്സരമായതിനാല്‍ ഓരോ റണ്ണും വിലപ്പെട്ടതായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഗ്രീന്‍ഫീല്‍ഡായ കാര്യവട്ടത്തെ മികച്ച ഔട്ട് ഫീല്‍ഡ് ഫീല്‍ഡര്‍മാര്‍ക്ക് പറന്നു പിടിക്കാന്‍ പ്രചോദനമാകുകയും ചെയ്തു.

ഹര്‍ദ്ദീക് പാണ്ഡ്യയുടെ നേരിട്ടുള്ള ത്രോയില്‍ കീവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യാംസണ്‍ റണ്ണൗട്ടായതും ധോണിയുടെ മിന്നല്‍ റണ്ണൗട്ടും മണ്‍റോയെ പറന്നു പിടിച്ച രോഹിത്തിന്റെ ക്യാച്ചുമെല്ലാം ഉണ്ടായിരുന്നെങ്കിലും കാര്യവട്ടത്ത് കളികാണാനെത്തിയ പതിനായിരങ്ങളെ കോരിത്തരിപ്പിച്ച നിമിഷം പിറന്നത് ഇന്ത്യന്‍ ബാറ്റിംഗിനിടെയായിരുന്നു.

അവസാന ഓവറുകളില്‍ സ്കോര്‍ ഉയര്‍ത്താനായി മനീഷ് പാണ്ഡെയും ഹര്‍ദ്ദീക് പാണ്ഡ്യയും ശ്രമിക്കുന്നതിനിടെ പാണ്ഡെയുടെ ബൗണ്ടറി എന്നുറച്ച ഷോട്ട് മിഡ് വിക്കറ്റില്‍ സാന്റനര്‍ പറന്നു പിടിച്ച് ഗ്രാന്‍ഡ്ഹോമിന് നല്‍കി ക്യാച്ച് പൂര്‍ത്തിയാക്കുന്നത് കണ്ട് ആരാധകര്‍ ശരിക്കും അന്തംവിട്ട് വാ പൊളിച്ചുപോയി. അത്രമേല്‍ അനായാസമായിരുന്നു സാന്റനറുടെ ആ അത്ഭുത ക്യാച്ച്. പൊതുവെ മികച്ച ഫീല്‍ഡിംഗ് ടീമായ കീവീസില്‍ നിന്ന് പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു ഫീല്‍ഡില്‍ അവര്‍ പുറത്തെടുത്ത മികവ്.