മുംബൈ: സ്പിന്നര്‍മാരായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയ്ക്കും ഏകദിന ടീമില്‍ നിന്ന് വിശ്രമം അനുവദിക്കാനുള്ള തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യന്‍ നായകന്‍ വീരാട് കോലി. ടെസ്റ്റ് ക്രിക്കറ്റില്‍ അശ്വിനും ജഡേജയ്ക്കുമുള്ള അമിത ജോലിഭാരം കണക്കിലെടുത്തും സെലക്ഷന്‍ സമയത്ത് ടീം മാനേജ്മെന്റിന് കൂടുതല്‍ സാധ്യതകള്‍ തുറന്നിടാനുമായാണ് ഇരുവര്‍ക്കും വിശ്രമം നല്‍കി, ചാഹലിനെയും കുല്‍ദീപ് യാദവിനെയും ടീമിലെടുത്തതെന്ന് കോലി പറഞ്ഞു.

രാജ്യാന്തര തലത്തില്‍ മികവ് കാട്ടാനാകുമെന്ന് ഉറപ്പുള്ള കളിക്കാര്‍ക്കാണ് അവസരം നല്‍കിയത്. ലോകകപ്പിന് മുമ്പ് ഏറ്റവും മികച്ച ബൗളിംഗ് കൂട്ടുകെട്ട് കണ്ടെത്തുക എന്നത് പ്രധാനമാണ്. കഴിഞ്ഞ ആറോ ഏഴോ വര്‍ഷമായി ടീമിനായി ഏകദിന ക്രിക്കറ്റില്‍ കളിക്കുന്നവരാണ് അശ്വിനും ജഡേജയും. അതിനുശേഷമാണ് ചാഹലിനെയും കുല്‍ദീപിനെയും പോലുള്ള യുവതാരങ്ങള്‍ക്ക് അവസരം ലഭിച്ചത്. അവര്‍ക്ക് മതിയായ അവസരം നല്‍കി ലോകകപ്പിന് മുമ്പ് മികച്ച ബൗളിംഗ് കോംബിനേഷന്‍ കണ്ടെത്തേണ്ടതുണ്ടെന്നും ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട കോലി പറഞ്ഞു.

കെ എല്‍ രാഹുലിനെ ഒഴിവാക്കാനുള്ള തീരുമാനത്തെയും കോലി ന്യായീകരിച്ചു. മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്ന താരങ്ങളെയാണ് നോക്കിയത്. രാഹുലിന് പകരം ടീമിലെത്തിയ ദിനേശ് കാര്‍ത്തിക് അതിന് പൂര്‍ണമായും അനുയോജ്യനാണെന്നും കോലി പറഞ്ഞു. ഓപ്പണറായ രഹാനെയെ പലപ്പോഴും മധ്യനിരയില്‍ പരീക്ഷിക്കേണ്ടിവന്നിട്ടുണ്ട്. അതുപോലെ കര്‍ണാടകക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്ന രാഹുലിനെ മധ്യനിരയില്‍ പരീക്ഷിക്കേണ്ടെന്ന് കരുതിയാണ് കാര്‍ത്തിക്കിന് ടീമിലെടുത്തത്. തമിഴ്നാടിന് വേണ്ടി മധ്യനിരയില്‍ ബാറ്റ് ചെയ്യുന്ന താരമാണ് കാര്‍ത്തിക്കെന്നും കോലി പറഞ്ഞു.

ഐസിസിയുടെ പുതിയ നിയമ പരിഷ്കാരങ്ങള്‍ നടപ്പിലാവുന്ന ഇന്ത്യയുടെ ആദ്യ പരമ്പരയെന്ന നിലയില്‍ അതിനെക്കുറിച്ച് ടീമിനകത്ത് വിശദമായ ചര്‍ച്ച നടന്നുവെന്നും കോലി പറഞ്ഞു.