വാണ്ടറേഴ്സ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച ലീഡിനായി ഇന്ത്യ പൊരുതുന്നു. പേസ് ബൗളര്‍മാരെ അതിരറ്റ് സഹായിക്കുന്ന പിച്ചില്‍ മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയിലാണ്. ആറു വിക്കറ്റ് ശേഷിക്കെ 93 റണ്‍സിന്റെ ആകെ ലീഡാണ് ഇന്ത്യക്കുള്ളത്. 27 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ക്യാപ്റ്റന്‍ വിരാട് കോലിയിലാണ് ഇന്ത്യയുടെ ലീഡ് പ്രതീക്ഷകള്‍.

ഒരുവിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. തലേന്നത്തെ സ്കോറിനോട് ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാതെ രാഹുല്‍(16) മടങ്ങി. ഫിലാന്‍ഡറിായിരുന്നു വിക്കറ്റ്. ആദ്യ ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയുടേതായിരുന്നു അടുത്ത ഊഴം. ഒരുറണ്ണെടുത്ത പൂജാര മോര്‍ക്കലിന്റെ പന്തില്‍ സ്ലിപ്പില്‍ ഡൂപ്ലെസിക്ക് പിടികൊടുത്ത് മടങ്ങിയതോടെ വീണ്ടുമൊരു ബാറ്റിംഗ് തകര്‍ച്ച ഇന്ത്യ മുന്നില്‍ കണ്ടു. 57 റണ്‍സ് മാത്രമായിരുന്നു അപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍. ആകെ ലീഡാകട്ടെ 50 റണ്‍സും.

നാലാം വിത്തറ്റില്‍ വിജയ്-കോലി സഖ്യം ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. ഇരുവരും ചേര്‍ന്ന് ഇന്ത്യയെ 100 റണ്‍സിലെത്തിച്ചെങ്കിലും ലഞ്ചിന് തൊട്ടുമുമ്പ് വിജയ്‌യെ(25) ബൗള്‍ഡാക്കി റബാദ ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. പന്ത് കുത്തി ഉയരുന്ന പിച്ചില്‍ 200 റണ്‍സിന് മുകളിലുള്ള ഏത് സ്കോറും ദക്ഷിണാഫ്രിക്കയ്ക്ക് വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്.