പശ്ചിമേഷ്യൻ സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിന് അമേരിക്കക്ക് മുന്നിൽ ഇറാൻ രണ്ട് പ്രധാന ഉപാധികൾ വെച്ചു. ഹോർമുസ് കടലിടുക്ക് തുറക്കണമെന്നും ചർച്ചയ്ക്കെത്തുന്ന അമേരിക്കൻ സംഘത്തിന് തീരുമാനങ്ങളെടുക്കാൻ അധികാരം നൽകണമെന്നുമാണ് ആവശ്യം

ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് മുന്നിൽ ഇറാൻ 2 പ്രധാന ഉപാധികൾ വെച്ചെന്ന് റിപ്പോർട്ട്. പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്ന ചർച്ചകളുടെ രണ്ടാം ഘട്ടം തുടങ്ങും മുന്നേ ഹോർമുസ് കടലിടുക്ക് തുറക്കണമമെന്നതാണ് ഇറാന്‍റെ ഒന്നാമത്തെ ഉപാധി. നിലവിൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിച്ച് പൂർണമായ നിലയിൽ ഹോർമുസ് തുറന്നാൽ മാത്രമേ ചർച്ചയിലേക്ക് ഉള്ളു എന്ന നിലപാട് പാകിസ്ഥാനെ അറിയിച്ചതായാണ് വിവരം. ചർച്ചയ്ക്കെത്തുന്ന അമേരിക്കൻ സംഘത്തിന് തീരുമാനങ്ങളെടുക്കാൻ അധികാരം നൽകണമെന്നതാണ് ട്രംപിന് മുന്നിൽ ഇറാൻ വച്ച രണ്ടാമത്തെ ഉപാധിയെന്നാണ് റിപ്പോർട്ട്. നേരത്തെ ഇസ്ലാമാബാദിൽ നടന്ന ഒന്നാം ഘട്ട ചർച്ച പരാജയപ്പെടാനുള്ള കാരണം, അമേരിക്കൻ പ്രതിനിധി സംഘത്തിന് തീരുമാനമെടുക്കാൻ അധികാരമില്ലാത്തതായിരുന്നുവെന്ന് ഇറാൻ വിമർശിച്ചിരുന്നു. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസായിരുന്നു അന്ന് അമേരിക്കൻ സംഘത്തെ നയിച്ചത്.

സമ്മർദ്ദം സജീവം

അതേസമയം ഇറാൻ - അമേരിക്ക സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിന് നീക്കങ്ങളും സമ്മർദവും സജീവമാണ്. ഇറാൻ സന്ദർശിച്ച പാക് സൈനിക മേധാവി അസീം മുനീർ വൈകാതെ വാഷിങ്ടണിലെത്തിയേക്കും. തുടർ ആക്രമണങ്ങളുണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചാൽ ഹോർമൂസിൽ ഒമാൻ തീരത്തോട് ചേർന്ന് കപ്പലുകൾ വിടാമെന്ന നിർദേശം ഇറാൻ മുന്നോട്ടു വെച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പശ്ചിമേഷ്യയിൽ സമാധാനത്തിനും സുരക്ഷയ്ക്കും പ്രതിജ്ഞാബദ്ധമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ചർച്ചയ്ക്ക് മുൻപ് ഇറാനും അമേരിക്കയ്ക്കും ഇടയിൽ ഇനിയും കീറാമുട്ടിയായി തുടരുന്ന വിഷയങ്ങളിൽ സമവായ സാധ്യതകളെങ്കിലും കണ്ടെത്തലാണ് ഇപ്പോൾ നടക്കുന്നത്. പാക് സൈനിക മേധാവി അസീം മുനീറിന്‍റെ സന്ദർശനവും ലക്ഷ്യമിടുന്നത് മറ്റൊന്നല്ല. ഇറാന്റെ നിലപാടറിഞ്ഞ് യാത്ര നേരേ വാഷിങ്ടണിലേക്കാണ്. അതിന് ശേഷമായിരിക്കും ഇരു രാജ്യങ്ങളും വീണ്ടും ചർച്ചകളിലേക്കെത്തുക. ഇനിയും ഇറാന് മേൽ ആക്രമണങ്ങളുണ്ടാകില്ലെന്ന സുരക്ഷാ ഗ്യാരണ്ടി ലഭിച്ചാൽ ഹോർമൂസിൽ വിട്ടുവീഴ്ച്ചയ്ക്കാണ് ഇറാൻ ആലോചനയെന്നും സൂചനയുണ്ട്. ഒമാൻ തീരത്തോട് ചേർന്നുള്ള ഹോർമുസ് വഴി കപ്പലുകൾ വിടാമെന്നതാണ് ഏകദേശ ധാരണയെന്നതാണ് റിപ്പോർട്ടുകൾ. ഹോർമൂസിൽ സുഗമമായ നാവിക ഗതാഗതം സാധ്യമാകണമെന്ന നിലപാട് ചൈനയും അറിയിച്ചിട്ടുണ്ട്. ഇറാനെതിരായ ഉപരോധത്തിലൂടെ ആഗോളവിപണിയിൽ സൃഷ്ടിച്ച സമ്മർദത്തിന് പുറമെ, ഇറാൻ, റഷ്യൻ എണ്ണ വാങ്ങുന്നതിലുള്ള അനുമതി നീട്ടില്ലെന്നറിയിച്ച് ഇന്ത്യയ്ക്ക് മേൽ അമേരിക്ക കൂടുതൽ കടുപ്പിക്കുകയാണ്.