ദില്ലി: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും കോലിക്ക് ഇരട്ടശതകം. നിലവില്‍ 241 പന്തില്‍ 206 റണ്‍സുമായി കോലി ബാറ്റിങ് തുടരുകയാണ്. 24 ഫോറുകളുടെ ബലത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ ഇരട്ടശതകം. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് ഇരട്ടശതകം സ്വന്തമാക്കുന്ന താരമെന്ന റെക്കോര്‍ഡും കോലി സ്വന്തമാക്കി. രണ്ടാം ടെസ്റ്റിലും കോലി ഇരട്ടശതകം നേടിയിരുന്നു.
നേരത്തെ സെഞ്ച്വറി നേടിയ മുരളി വിജയ്‌യും കോലിയും ചേര്‍ന്ന് ഇന്ത്യക്ക് സ്വപ്നസമാനമായ തുടക്കമാണ് സമ്മാനിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ നാലിന് 371 റണ്‍സെടുത്തിരുന്നു. രണ്ടാം ദിനം ഒന്നാം സെഷന്‍ അവസാനിക്കുമ്പോള്‍ നാല് വിക്കറ്റിന് 458 എന്ന നിലയിലാണ് ഇന്ത്യ.
ഓവറില്‍ 4.12 ശരാശരിയില്‍ ഇന്ത്യക്കാര്‍ സ്‌കോര്‍ ചെയ്തതോടെ ലങ്കന്‍ ബൗളര്‍മാര്‍ പലപ്പോഴും ക്ലബ് നിലവാരത്തിനും താഴെയായി. ഇരുപതാം ടെസ്റ്റ് സെഞ്ച്വറി തികച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോലി തന്നെയാണ് കൂടുതല്‍ അപകടകാരിയായത്. കരിയറിലെ പതിനൊന്നാമത് സെഞ്ച്വറിയാണ് മുരളി വിജയ് ഫിറോസ് ഷാ കോട്ലയില്‍ നേടിയത്. സന്ദകന്റെ പന്തില്‍ പുറത്താകുമ്പോള്‍ മുരളി വിജയ് 267 പന്തില്‍ 13 ബൗണ്ടറികള്‍ ഉള്‍പ്പടെ 155 റണ്‍സ് എടുത്തിരുന്നു. കോലിമുരളി വിജയ് സഖ്യം മൂന്നാം വിക്കറ്റില്‍ 283 റണ്‍സാണ് അടിച്ചെടുത്തത്. ശിഖര്‍ ധവാനും ചേതേശ്വര്‍ പൂജാരയും 23 റണ്‍സ് വീതമെടുത്ത് പുറത്തായിരുന്നു. ഒരു റണ്‍സെടുത്ത ആജിന്‍ക്യ രഹാനെയുടേതാണ് ആദ്യദിനം ഇന്ത്യയ്ക്ക് നഷ്ടമായ നാലാമത്തെ വിക്കറ്റ്. 42 റണ്‍സുമായി രോഹിത് ശര്‍മയാണ് കോലിക്കൊപ്പം ക്രീസിലുള്ളത്.
ശ്രീലങ്കയ്ക്കുവേണ്ടി ലക്ഷന്‍ സന്ദകന്‍ രണ്ടു വിക്കറ്റെടുത്തു. ലഹിരു ഗാമേജ്, ദില്‍രുവാന്‍ പെരേര എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ഇതിനിടയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്കുവേണ്ടി ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡ് ദില്‍രുവാന്‍ പെരേര സ്വന്തമാക്കി. ഇക്കാര്യത്തില്‍ ഇതിഹാസതാരം മുത്തയ്യ മുരളീധരനെയാണ് പേരെര പിന്നിലാക്കിയത്. 25ാമത്തെ ടെസ്റ്റിലാണ് ദില്‍രുവാന്‍ പെരേര 100 വിക്കറ്റ് നേട്ടം കൈവരിച്ചത്. വിക്കറ്റ് നേട്ടം മുരളീധരന്‍ മൂന്നക്കത്തിലെത്തിച്ചത് ഇരുപത്തിയേഴാമത്തെ ടെസ്റ്റിലാണ്.
