കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് വലിയ തിരിച്ചടി. വൈറല്‍ പനി ബാധിച്ച ഓപ്പണര്‍ കെ എല്‍ രാഹുല്‍ ആദ്യ ടെസ്റ്റില്‍ കളിക്കില്ല. രാഹുല്‍ അതിവേഗം സുഖം പ്രാപിച്ചുവരികയാണെന്നും ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുന്നതിനാല്‍ മുന്‍കരുതലെന്ന നിലയില്‍ ആദ്യ ടെസ്റ്റിനുള്ള ടീമില്‍ നിന്നൊഴിവാക്കുകയാണെന്നും ടീം മാനേജ്മെന്റ് അറിയിച്ചു. ദീര്‍ഘനാളായി പരിക്കിന്റെ പിടിയിലായിരുന്നു രാഹുല്‍.
പരിക്ക് മൂലം രാഹുലിന് ഐപിഎല്‍ പൂര്‍ണണായും നഷ്ടമായിരുന്നു. ടീമിലെ മറ്റൊരു ഓപ്പണറായ മുരളി വിജയ് ആദ്യ ടെസ്റ്റിന് മുമ്പ് പരിക്കേറ്റ് പിന്‍മാറിയിരുന്നു. രാഹുലിന്റെ വിജയ്‌യുടെ അഭാവത്തില്‍ അഭിനവ് മുകുന്ദും ശീഖര്‍ ധവാനുമാകും 26ന് തുടങ്ങുന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക.
പരിശീലന മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ രാഹുലിന്റെ അഭാവം ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തുടര്‍ച്ചയായി ആറ് അര്‍ധസെഞ്ചുറികള്‍ നേടി രാഹുല്‍ മികവ് കാട്ടിയിരുന്നു. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.
