ഇന്ത്യാ- വിന്‍ഡീസ് രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ദിനം വിരാട് കോലിയെ ചുംബിക്കാന്‍ ശ്രമിച്ച് ആരാധകന്‍. സുരക്ഷാസേനയുടെ കണ്ണുവെട്ടിച്ച് മൈതാനത്ത് കടന്നായിരുന്നു ഇയാളുടെ പരാക്രമം...
ഹൈദരാബാദ്: ലോക ക്രിക്കറ്റില്‍ കൂടുതല്‍ ആരാധകരുള്ള താരങ്ങളിലൊരാളാണ് ഇന്ത്യന്‍ നായകന്‍ കോലി. വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ദിനം കോലിയോടെയുള്ള ആരാധന വ്യക്തമാക്കുന്ന ഒരു സംഭവം മൈതാനത്തുണ്ടായി. സുരക്ഷാസേനയുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്കിറങ്ങിയ ആരാധകന്‍ കോലിക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയും താരത്തെ ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
മത്സരത്തില്‍ വിന്‍ഡീസ് ഇന്നിംഗ്സിലെ 15-ാം ഓവറില്‍ കോലി മിഡ് വിക്കറ്റില്‍ ഫീല്‍ഡ് ചെയ്യുമ്പോഴായിരുന്നു സംഭവം. എന്നാല്‍ ചുംബനത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കോലിക്കായി. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇയാളെ പിടിച്ചുമാറ്റി. സംഭവം മൂലം മത്സരം തടസപ്പെട്ടതിനെ തുടര്‍ന്ന് അംപയര്‍ 'ഡ്രിംങ്ക്സ് ബ്രേക്ക്' പ്രഖ്യാപിച്ചു. ആദ്യ ദിനം അവസാനിച്ചപ്പോള്‍ ഏഴ് വിക്കറ്റിന് 295 റണ്‍സ് എന്ന നിലയിലാണ് സന്ദര്‍ശകര്‍.
രാജ്കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. മൈതാനത്തിറങ്ങി കോലിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച രണ്ട് ആരാധകരെ സുരക്ഷാസേന പിടികൂടുകയായിരുന്നു.
