കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ- വിന്‍ഡീസ് അഞ്ചാം ഏകദിനത്തില്‍ റണ്ണൊഴുകും. ഒരുക്കിയിരിക്കുന്നത് ബാറ്റ്സ്‌മാന്‍മാര്‍ക്ക് അനുകൂലമായ പിച്ച്. മുന്നൂറിലധികം സ്‌കോര്‍ പ്രതീക്ഷിക്കാമെന്ന്...

തിരുവനന്തപുരം: ഇന്ത്യ- വിന്‍ഡീസ് അഞ്ചാം ഏകദിനത്തിനായി കാര്യവട്ടത്ത് ഒരുക്കിയിരിക്കുന്നത് ബാറ്റ്സ്‌മാന്‍മാര്‍ക്ക് അനുകൂലമായ റണ്‍ ഒഴുകും പിച്ച്. മുന്‍ മത്സരങ്ങളിലെ പോലെ ബാറ്റ്സ്‌മാന്‍മാര്‍ക്ക് അനായാസം സ്‌ട്രോക്കുകള്‍ കളിക്കാവുന്ന വിക്കറ്റാണ് ഒരുക്കിയിരിക്കുന്നത്. ഈ പിച്ചില്‍ 300ലധികം ടോട്ടല്‍ പ്രതീക്ഷിക്കാമെന്നും മത്സരത്തിന്‍റെ ജനറല്‍ കണ്‍വീനറായ ജയേഷ് ജോര്‍ജ് വ്യക്തമാക്കി.

മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം വേദിയാവുന്ന ഏകദിന മത്സരം റണ്‍മഴയാകുമെന്ന് ഇതോടെ ഉറപ്പായി. കഴിഞ്ഞ വര്‍ഷം ഇന്ത്യ- ന്യൂസീലാന്‍ഡ് ടി20 മത്സരത്തിന് ഇവിടം വേദിയായിരുന്നു. എന്നാല്‍ മഴ തടസപ്പെടുത്തിയ മത്സരം എട്ട് ഓവറായി വെട്ടിച്ചുരുക്കിയിരുന്നു. എന്നാല്‍ ഇക്കുറി പിച്ചൊരുക്കാന്‍ കാലാവസ്ഥ അനുകൂലമായിരുന്നതായും ജയേഷ് ജോര്‍ജ് പറഞ്ഞു. 

പരമ്പര വിജയിയെ തീരുമാനിക്കുന്നതില്‍ നാളത്തെ മത്സരം നിര്‍ണായകമാണ്. നിലവില്‍ 2-1ന് മുന്നിലാണ് ഇന്ത്യ. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30ന് മത്സരം ആരംഭിക്കും.