ബാര്‍ബഡോസ്: കുംബ്ലെയുടെ രാജിക്ക് ശേഷം ടീം ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്. വെസ്റ്റ് ഇന്‍ഡ‍ീസിനെതിരായ ആദ്യ ഏകദിനം, ട്രിനിഡാഡില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 6.30ന് തുടങ്ങും. കോച്ചിനെ പുകച്ചുചാടിച്ച നായകന് കീഴില്‍ മുഖം രക്ഷിക്കാനാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. ചാംപ്യന്‍സ് ട്രോഫിക്ക് പോലും യോഗ്യത നേടാത്ത വെസ്റ്റിന്‍ഡീസിനെ തകര്‍ത്തുവിടുന്നത് വലിയ നേട്ടമൊന്നും ആകില്ല. പരമ്പര കൈവിട്ടാല്‍ നായകന്‍ വിരാട് കോലി സമ്മര്‍ദ്ദത്തിലാകുകയും ചെയ്യും.

തന്നിഷ്‌ടക്കാരനായ നായകനെന്ന കളങ്കം വലിയ സ്കോറുകളിലൂടെ മറികടക്കാമെന്ന് കോലി കരുതുന്നുണ്ടാകും. എന്നാല്‍ ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ തോല്‍വിയിലെ രോഷം തീര്‍ന്നിട്ടില്ലാത്ത ആരാധകര്‍ അതുകൊണ്ട് മാത്രം തൃപ്തരാകില്ല. വിശ്രമം നല്‍കിയ രോഹിത് ശര്‍മ്മയ്‌ക്ക് പകരം ഓപ്പണിംഗില്‍ ആരെത്തുമെന്നത് കൗതുകം .ശിഖര്‍ ധവാന്റെ പങ്കാളിയായി അജിന്‍ക്യ രഹാനെക്ക് മേല്‍ക്കൈ ഉണ്ടെങ്കിലും റിഷഭ് പന്തും പരിഗണിക്കപ്പെടും.

യുവനിരക്ക് വഴിമാറണമെന്ന സമ്മര്‍ദ്ദം നേരിടുന്ന യുവ്‌രാജിനും ധോണിക്കും പരമ്പര നിര്‍ണായകമാണ്. ജസ്‌പ്രീത് ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് ഷമിയും ഉമേഷ് യാദവും കളിക്കാനും സാധ്യതയുണ്ട്. അഫ്ഗാനിസ്ഥാനെ പോലും തോല്‍പ്പിക്കാനാകാത്ത അവസ്ഥയിലാണ് വിന്‍ഡീസ് ഇപ്പോള്‍. ജേസണ്‍ ഹോള്‍ഡര്‍ നയിക്കുന്ന ടീമില്‍ വമ്പന്‍ പേരുകാര്‍ ആരുമില്ല.

പേസര്‍ ഗബ്രിയേലിന്റെ അഭാവവും ആതിഥേയരെ കൂടുതല്‍ ദുര്‍ബലമാക്കും. അഞ്ച് ഏകദിനങ്ങള്‍ക്ക് ശേഷം ജൂലൈ 9ന് ട്വന്‍റി 20 മത്സരത്തിലും
ഇരുടീമുകളും ഏറ്റുമുട്ടുന്നുണ്ട്.