ആന്റിഗ്വ: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിലെ ആധികാരിക ജയത്തിനുശേഷം വിന്‍ഡീസിന് മുന്നറിയിപ്പുമായി ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി. വിന്‍ഡീസിനെതിരായ നാലു മത്സര ടെസ്റ്റ് പരമ്പര തൂത്തുവാരാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് കൊഹ്‌ലി പറഞ്ഞു. ആദ്യ രണ്ട് ടെസ്റ്റ് ജയിച്ച് പരമ്പരയില്‍ 2-0ന് മുന്നിലെത്തിയാലും മൂന്നും നാലും ടെസ്റ്റുകളിലും വിജയത്തിന് വേണ്ടി മാത്രമാവും ശ്രമിക്കുക. സമനില മനസില്‍പോലുമുണ്ടാവില്ല. പരമ്പര 4-0ന് ജയിക്കാന്‍ അവസരമുണ്ടെങ്കില്‍ വെറുതെ എന്തിന് അത് നഷ്ടപ്പെടുത്തണമെന്നും മത്സരശേഷം കൊഹ്‌ലി ചോദിച്ചു.
പരിശീലകനെന്ന നിലയില്‍ കുബ്ലെയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചതെന്നും കൊഹ്‌ലി പറഞ്ഞു. മത്സരശേഷം ഓരോ ടീം അംഗത്തെയും കുംബ്ലെ പ്രത്യേകം അഭിനന്ദിച്ചു. തുടര്‍ച്ചയായി ജയിക്കുന്നത് നല്ലശീലമാണെന്നും ഇതുവഴി മാത്രമെ ടെസ്റ്റില‍്‍ കരുത്തുറ്റ ടീമായി മാറാന്‍ ഇന്ത്യക്കാവൂ എന്നും കൊഹ്‌ലി പറഞ്ഞു. എന്നാല്‍ വിജയത്തില്‍ സ്ഥിരതയുണ്ടാക്കുക എന്നതാണ് പ്രധാനം. അതാണ് ഈ ടീം ലക്ഷ്യമിടുന്നത്.
ആദ്യ ഇന്നിംഗ്സില്‍ ഉമേഷ് യാദവും ഷാമിയുമടങ്ങിയ പേസ് നിരയും രണ്ടാം ഇന്നിംഗ്സില്‍ അമിത് മിശ്രയും ആര്‍ അശ്വിനും അടങ്ങിയ സ്പിന്നര്‍മാരും അവസരത്തിനൊത്ത് ഉയര്‍നന് മികച്ച പ്രകടനം പുറത്തടുത്തുവെന്നും കൊഹ്‌ലി പറഞ്ഞു. പരമ്പരയ്ക്ക് മുമ്പ് നടത്തിയ രണ്ടാഴ്ചത്തെ പരിശീലന ക്യാമ്പ് ശരിക്കും ഗുണം ചെയ്തുവെന്നും കൊഹ്‌ലി പറഞ്ഞു.
