നാളെ ഹൈദരാബാദില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനെ അജിന്‍ക്യ രഹാനെ നയിച്ചേക്കും. ക്യാപ്റ്റന്‍ വിരാട് കോലിക്ക് വിശ്രമം അനുവദിക്കും.

ഹൈദരാബാദ്: നാളെ ഹൈദരാബാദില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനെ അജിന്‍ക്യ രഹാനെ നയിച്ചേക്കും. ക്യാപ്റ്റന്‍ വിരാട് കോലിക്ക് വിശ്രമം അനുവദിക്കും. ഓസ്‌ട്രേലിയന്‍ പരമ്പര മുന്നില്‍ കണ്ടാണ് കോലിക്ക് വിശ്രമം അനുവദിച്ചത്. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചിരുന്നു. കോലിക്ക് പകരം മായങ്ക് അഗര്‍വാള്‍ ടെസ്റ്റില്‍ അരങ്ങേറും. ടെസ്റ്റിനുള്ള 12 പേരുടെ ലിസ്റ്റ് ഇന്ന് പുറത്ത് വിടും.

ദീര്‍ഘകാലമായി അഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് മായങ്ക് അഗര്‍വാള്‍. പൃഥ്വി ഷായ്‌ക്കൊപ്പം ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയ പൃഥ്വി ഷാ സ്ഥാനം നിലനിര്‍ത്തും. രാജ്‌കോട്ടില്‍ നിറം മങ്ങിയെങ്കിലും കെ.എല്‍ രാഹുല്‍ ആദ്യ ഇലവനിലുണ്ടാവും. 

ഇന്ത്യയുടെ സാധ്യത ടീം ഇങ്ങനെ: പൃഥ്വി ഷാ, കെ.എല്‍. രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്.