ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റും(39 നോട്ടൗട്ട്) നതാലി സ്കൈവറും(44) ചേര്‍ന്ന് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചെങ്കിലും സ്കൈവറെ റണ്ണൗട്ടാക്കി ഏക്താ ബിഷ്ട് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 66 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.4 ഓവറില്‍ 202 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് 41 ഓവറില്‍ 136 റണ്‍സിന് ഓള്‍ ഔട്ടായി. നാലു വിക്കറ്റെടുത്ത ഏക്താ ബിഷ്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ദീപ്തി ശര്‍മയും ശിഖ പാണ്ഡേയും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്.

തുടക്കത്തിലെ തകര്‍ച്ചക്കുശേഷം ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റും(39 നോട്ടൗട്ട്) നതാലി സ്കൈവറും(44) ചേര്‍ന്ന് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചെങ്കിലും സ്കൈവറെ റണ്ണൗട്ടാക്കി ഏക്താ ബിഷ്ട് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നീട് വന്നവരാരും രണ്ടക്കം കടക്കാതെ മടങ്ങിയപ്പോള്‍ ഇംഗ്ലണ്ട് ഇന്നിംഗ്സ് 136 റണ്‍സില്‍ അവസാനിച്ചു. 111/3 എന്ന സ്കോറില്‍ നിന്നാണ് ഇംഗ്ലണ്ട് 136ന് പുറത്തായത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ഇന്ത്യക്കായി ജെമീമ റോഡ്രിഗ്സും(48), സ്മൃതി മന്ഥാനയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 69 റണ്‍സടിച്ചു. എന്നാല്‍ പിന്നീട് കൂട്ടത്തകര്‍ച്ചയിലേക്ക് വീണ ഇന്ത്യ 95/5 എന്ന സ്കോറിലേക്ക് കൂപ്പുകുത്തി. തനിയ ഭാട്ടിയയും(25), ജൂലന്‍ ഗോസ്വാമിയും(30) ചേര്‍ന്നുള്ള ആറാം വിക്കറ്റ് കൂ്ടടുകെട്ടാണ് ഇന്ത്യക്ക് മാന്യമായ സ്കോര്‍ ഉറപ്പാക്കിയത്.