ഹരാരെ: സിംബാബ്‌വെയില്‍ പര്യടനനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം ബലാത്സംഗ കുറ്റത്തിന് അറസ്റ്റിലായെന്ന വാര്‍ത്ത ക്രിക്കറ്റ് ലോകത്ത് കോളിളക്കമുണ്ടാക്കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീം അംഗമല്ല അറസ്റ്റിലായതെന്നും വേറൊരു ഇന്ത്യക്കാരനാണെന്നും പിന്നീട് വിശദീകരണമുണ്ടായി. ഐടിഡബ്ല്യു സ്പോര്‍ട്സിന്റെ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന സത്യനാരയാണ ആണ് ഹോട്ടലിലെ താമസക്കാരിയായിരുന്ന സിംബാബ്‌വെ യുവതിയെ ബലാത്സംഗം ചെയ്തുവന്ന ആരോപണത്തില്‍ അറസ്റ്റിലായതെന്നും സ്ഥിരീകരണം വന്നു.

എന്നാല്‍ ഇന്ത്യാ- സിംബാബ്‌വെ മൂന്നാം ട്വന്റി-20 മത്സരശേഷം മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം ജസ്പ്രീത് ബൂമ്രയ്ക്ക് നല്‍കിയതാകട്ടെ ഇതേ സത്യനാരായണ ആയിരുന്നു. ഐടിഡബ്ല്യു സ്പോര്‍ട്സിന്റെ സഹസ്ഥാപകന്‍ കൂടിയാണ് സ്റ്റേഡിയത്തിലെ പരസ്യാവകാശം സ്വന്തമാക്കിയിരുന്ന സത്യനാരായണ. സാംബിയക്കാരനായ ഇന്ത്യന്‍ വംശജന്‍ രാജ്കുമാര്‍ കൃഷ്ണന്‍ ആണ് ഐടിഡബ്ല്യു സ്പോര്‍ട്സില്‍ സത്യനാരായണയുടെ പങ്കാളി.

സത്യനാരായണ കൃഷ്ണ, രവി കൃഷ്ണന്‍ എന്നീ ഇന്ത്യക്കാരെയാണ് ബലാത്സംഗ കുറ്റത്തിന് അറസ്റ്റ് ചെയ്തതെന്ന് സിംബാബ്‌വെ പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കില്‍ സത്യനാരായാണ എങ്ങനെ അവാര്‍ഡ്ദാന ചടങ്ങിലെത്തി എന്നത് ദുരൂഹമാണ്.