ചണ്ഡീഗഡ്: ജേഴ്സിയുടെ നിറം മാറിയെങ്കിലും ബ്രാവോ കുട്ടിക്രിക്കറ്റിലെ രാജാവ് തന്നെയാണ്. കഴിഞ്ഞദിവസം കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ഗുജറാത്ത് ലയണ്‍സിനായി നാലു വിക്കറ്റെടുത്ത ബ്രാവോ ഒരു പുതിയ ലോക റെക്കോര്‍ഡുമിട്ടു. ട്വന്റി-20 ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി 300 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ബൗളറെന്ന ബഹുമതിയാണ് ബ്രാവോ സ്വന്തമാക്കിയത്.
കിംഗ്സ് ഇലവന്‍ നായകന്‍ ഡേവിഡ് മില്ലറായിരുന്നു ബ്രാവോയുടെ മുന്നൂറാമത്തെ ഇര. 292 ട്വന്റി-20 മത്സരങ്ങളില്‍ നിന്നാണ് ബ്രാവോയുടെ ചരിത്രനേട്ടം. ഏറ്റവും കൂടുതല്‍ ട്വന്റി-20 മത്സരം കളിച്ചിട്ടുള്ള താരങ്ങളില്‍ രണ്ടാമനാണിപ്പോള്‍ ബ്രാവോ. വിന്‍ഡീസ് ടീമിലെ സഹതാരമായ കീറോണ്‍ പൊള്ളാര്‍ഡാണ് കൂടുതല്‍ ട്വന്റി-20 മത്സരം കളിച്ച താരം.
300 മത്സരങ്ങളാണ് പൊള്ളാര്‍ഡിന്റെ അക്കൗണ്ടിലുളളത്. ഐപിഎല്ലില്‍ 100 വിക്കറ്റില്‍ കൂടുതല്‍ നേടുന്ന രണ്ടാമത്തെ ബൗളര്‍ കൂടിയാണ് ബ്രാവോ. ഐപിഎല്ലില്‍ 92 മത്സരങ്ങളില്‍ 109 വിക്കറ്റാണ് ബ്രാവോയുടെ സമ്പാദ്യം. 98 കളികളില്‍ 143 വിക്കറ്റെടുത്ത മലിംഗയാണ്ഐപിഎല്ലിലെ വിക്കറ്റ് വേട്ടയില്‍ മുമ്പിലുള്ള ബൗളര്‍.
