ഓഗസ്റ്റ് ഒന്നിനാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ചരിത്രം കുറിക്കാന്‍ തയാറായി പോയ ഇന്ത്യന്‍ സംഘം ട്വന്‍റി 20 പരമ്പര സ്വന്തമാക്കിയെങ്കിലും ഏകദിനത്തില്‍ തോല്‍വിയുടെ കയ്പുനീര്‍ കുടിച്ചു. പക്ഷേ, ക്രിക്കറ്റിന്‍റെ യഥാര്‍ഥ പരീക്ഷണമായ ടെസ്റ്റില്‍ ഇംഗ്ലണ്ടിലെ പിച്ചില്‍ കളിക്കുന്നതാണ് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളിയാകുന്നത്. ഓഗസ്റ്റ് ഒന്നിന് ആദ്യ ടെസ്റ്റ് എഡ്ജ്ബാസ്റ്റണില്‍ ആരംഭിക്കും. 

പേസ് ബൗളിംഗിനെ പിന്തുണയ്ക്കുന്നതിന് പേരുകേട്ട നാടാണെങ്കിലും ടെസ്റ്റില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് സ്പിന്നര്‍മാരായ ആര്‍. അശ്വിന്‍റെയും രവീന്ദ്ര ജഡേജയുടെയും പ്രകടനമാണ്. ഇന്ന് ഇന്ത്യന്‍ ടീമും എസെക്സുമായി സന്നാഹ മത്സരം കളിക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരെ മെനഞ്ഞ പുതിയ ആയുധ മുറകള്‍ അശ്വിനും ജഡേജയ്ക്കും പരീക്ഷിച്ച് നോക്കാനുള്ള അവസരം കൂടിയാണ് ഇന്ന് തുടങ്ങുന്ന മത്സരം.

ഇംഗ്ലണ്ടിലെ പിച്ചിലും സ്പിന്നിലൂടെ അത്ഭുതങ്ങള്‍ കാണിക്കാമെന്ന് കുല്‍ദീപ് യാദവ് പരിമിത ഓവര്‍ പരമ്പരയില്‍ തെളിയിച്ചിരുന്നു. നെറ്റ്സില്‍ പുതിയ തന്ത്രങ്ങള്‍ക്ക് എറിഞ്ഞ് നോക്കുന്ന അശ്വിനെയും ജഡേജയെയുമാണ് കാണാനായത്. ടീം ഇന്ത്യയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഇതിന്‍റെ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു.

58 മത്സരങ്ങളില്‍ നിന്ന് 316 വിക്കറ്റുകളുമായി നിലവില്‍ ഇന്ത്യയുടെ ഏറ്റവും അനുഭവസമ്പത്തുള്ള ബൗളറാണ് അശ്വിന്‍. ഇവരെ കൂടാതെ ചെെനാമാന്‍ കുല്‍ദീപ് യാദവും ഇന്ത്യന്‍ സ്പിന്‍ നിരയിലുണ്ട്. അശ്വിന്‍ കളിക്കുമെന്ന കാര്യം ഉറപ്പാണെങ്കിലും ജഡേജയ്ക്കാണോ കുല്‍ദീപിനാണോ അവസരം ഒരുങ്ങുകയെന്ന ആകാംക്ഷയിലാണ് കളി പ്രേമികള്‍. 

വീഡിയോ കാണാം...

View post on Instagram