ധര്‍മശാല: ഇന്ത്യ ഓസ്‍ട്രേലിയ അവസാന ടെസ്റ്റിന് ശനിയാഴ്ച ധര്‍മ്മശാലയില്‍ തുടക്കം.പരിക്കേറ്റ കോലി കളിക്കുന്ന കാര്യം സംശയമാണ്. ഓപ്പണര്‍ മുരളി വിജയ്‌ക്കും പരിക്കുണ്ട്. ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫി തിരിച്ചുപിടിക്കാന്‍ ജയം അനിവാര്യമായ ടീം ഇന്ത്യ നായകനെ ഓര്‍ത്തുള്ള നെഞ്ചിടിപ്പിലാണ്. തോളിനേറ്റ പരിക്ക് ഭേദമാകാത്തതാണ് വിരാട് കോലിയുടെ കാര്യം സംശയത്തിലാക്കിയത്.
കോലി പിന്മാറിയാല്‍ അജിന്‍ക്യ രഹാനെ ഇന്ത്യയെ നയിക്കും. കുംബ്ലെയുടെയും കോലിയുടെയും നിരീക്ഷണത്തില്‍ നെറ്റ്സില്‍ ബാറ്റ് ചെയ്ത മുംബൈയുടെ മലയാളി താരം ശ്രേയസ് അയ്യരുടെ അരങ്ങേറ്റത്തിനും സാധ്യതയുണ്ട്. കരുണ്‍ നായര്‍ ആറാം നമ്പറില്‍ തുടര്‍ന്നാല്‍ രണ്ട് മലയാളികള്‍ ഒരുമിച്ച് ടെസ്റ്റ് കളിക്കുന്ന അപൂര്‍വ്വ കാഴ്ചയും ധര്‍മ്മശാലയിലുണ്ടാകും.
ബൗണ്‍സും സ്വിംഗും പ്രതീക്ഷിക്കുന്ന വിക്കറ്റില്‍ ഭുവനേശ്വര്‍ കുമാറിനെ പരീക്ഷിക്കാന്‍ കുംബ്ലെക്ക് മേല്‍ സമ്മര്‍ദ്ദമുണ്ട്. 2004ന് ശേഷം ഇന്ത്യയില്‍ ആദ്യ പരമ്പര നേട്ടത്തിന് ഒരുങ്ങുന്ന ഓസ്‍ട്രേലിയ റാഞ്ചിയില്‍ സമനില പൊരുതി നേടിയ ടീമിനെ നിലനിര്‍ത്തിയേക്കും. ബൗണ്‍സുള്ള വിക്കറ്റില്‍ വാര്‍ണര്‍ ഫോം വീണ്ടെടുക്കുമെന്നാണ് സ്മിത്തിന്റെ പ്രതീക്ഷ.എന്തായാലും ലോക ഒന്നാം നമ്പര്‍ പദവി തിരിച്ചുപിടിച്ച സീസണിലെ അവസാന മത്സരത്തില്‍ സമ്മര്‍ദ്ദം കൂടുതല്‍ ഇന്ത്യക്ക് തന്നെ.
