2009ല്‍ ലാഹോറില്‍ വച്ച് ശ്രീലങ്കന്‍ ടീമിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിന് ശേഷം സിംബാബ്‌വെ ഒഴികെയുള്ള ഒരു ടീമും പാകിസ്ഥില്‍ ക്രിക്കറ്റ് മത്സരത്തിനായി എത്തിയിട്ടില്ല. അതിന് ശേഷം അബുദാബിയാണ് പൊതുവെ പാകിസ്ഥാന്റെ ഹോം മത്സരങ്ങള്‍ക്ക് വേദിയായത്. എന്നാല്‍ നീണ്ട ഇടവേളക്ക് ശേഷം പാകിസ്ഥാനിലേക്ക് അന്താരാഷ്ട്ര മത്സരങ്ങള്‍ തിരികെയെത്താനുള്ള സാധ്യത തെളിയുന്നതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ ആദ്യ പടിയായി ഐസിസി ലോക ഇലവനുമായി പ്രദര്‍ശന ട്വന്റി20 മത്സരം പാകിസ്ഥാനില്‍ വച്ച് നടത്താന്‍ ആലോചനയുള്ളതായി ഗാര്‍ഡിയന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഐസിസിയുടെ പാകിസ്ഥാന്‍ ദൗത്യസംഘത്തിന്റെ തലവന്‍ ജൈല്‍സ് ക്ലാര്‍ക്ക് അടുത്തിടെ ലാഹോറിലെത്തി ചര്‍ച്ച നടത്തിയിരുന്നു. പാകിസ്ഥാനിലേക്ക് അന്താരാഷ്ട്ര മത്സരങ്ങള്‍ തിരികെക്കൊണ്ടുവരേണ്ടത് ക്രിക്കറ്റിന്റെ ആവശ്യമാണെന്നാണ് ജൈല്‍സ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് പുതിയ നീക്കത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനല്‍ ലാഹോറില്‍ വച്ച്‌നടത്തിയതും അനുകൂല ഘടകമായിട്ടുണ്ടെന്നാണ് വിലയരുത്തല്‍. പ്രധാന രാഷ്ട്രത്തലവന്‍മാര്‍ക്ക് നല്‍കുന്ന സുരക്ഷയാണ് പിഎസ്എല്‍ ഫൈനലിനോട് അനുബന്ധിച്ച് ഒരുക്കിയിരുന്നത്. പീറ്റേഴ്‌സന്‍ അടക്കമുള്ള പല വിദേശതാരങ്ങളും ലാഹോറിലെ കലാശപ്പോരാട്ടത്തില്‍ നിന്ന് പിന്‍മാറിയുരുന്നു. എന്നാല്‍ ഫൈനലില്‍ കളിച്ച ഡാരന്‍ സമിയടക്കമുള്ളവര്‍ പറഞ്ഞത് ഒരു തരത്തിലുള്ള അരക്ഷിതത്വവും അനുഭവപ്പെട്ടില്ല എന്നാണ്. ലോക ഇലവനെ അയക്കാനുള്ള നീക്കത്തെക്കുറിച്ച് ഐസിസി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അംഗരാജ്യങ്ങളുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷമേ പാകിസ്ഥാനില്‍ വീണ്ടും മത്സരങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കൂ എന്നാണ് ഐസിസി വ്യക്തമാക്കിയത്.
