ധോണിയെ കുറിച്ച് വെളിപ്പെടുത്തലുമായി ബ്രാവോ
ചെന്നൈ: ഐപിഎല്‍ 11-ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ മടങ്ങിയെത്തുന്നതിന്‍റെ സന്തോഷത്തിലാണ് വീന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ. കഴിഞ്ഞ രണ്ട് സീസണുകളിലും ഗുജറാത്ത് ലയണ്‍സിലായിരുന്നു ബ്രോവോ കളിച്ചിരുന്നത്. പരിക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ തവണ പാതിവഴിയില്‍ ബ്രാവോയ്ക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവന്നിരുന്നു.
2011 മുതല്‍ 2015 വരെ ചെന്നൈയില്‍ കളിച്ച താരം രണ്ട് തവണ പര്‍പിള്‍ ക്യാപ്പിന് അര്‍ഹനായി. ചെന്നൈ സൂപ്പര്‍ കിംഗ്സ് കണ്ട മികച്ച ഡെത്ത് ഓവര്‍ ബൗളറായാണ് വിന്‍ഡീസ് താരം അറിയപ്പെടുന്നത്. ഡെത്ത് ഓവറുകളില്‍ നന്നായി പന്തെറിയുന്നതിന്‍റെ ക്രഡിറ്റ് നായകന്‍ എംഎസ് ധോണിക്കാണെന്ന് ബ്രാവോ പറയുന്നു.
ധോണി തന്നില്‍ വളരെയധികം വിശ്വാസമര്‍പ്പിക്കുന്നു. പരിശീലന സമയത്ത് ധോണിക്ക് പന്തെറിയാനാണ് താന്‍ കൊതിക്കുന്നത്. അദേഹം ലോകത്തെ മികച്ച ഫിനിഷര്‍മാരില്‍ ഒരാളാണ്. ധോണിക്കെതിരെ പന്തെറിയുന്നത് എപ്പോഴും ചലഞ്ചാണ്. ചിലപ്പോള്‍ താന്‍ ജയിക്കും, മറ്റ് ചിലപ്പോള്‍ ധോണിക്കാകും വിജയം. ധോണി മികച്ച നായകനാണെന്നും വിന്‍ഡീസ് ഓള്‍റൗണ്ടര്‍ പറയുന്നു.
