ഐപിഎല്‍ സമയക്രമം പ്രഖ്യാപിക്കുന്നത് വൈകുന്നു. ഫെബ്രുവരി നാലിന് സമയക്രമം പ്രഖ്യാപിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിന്‍റെ സമയക്രമം പ്രഖ്യാപിക്കുന്നത് വൈകുന്നു. ഫെബ്രുവരി നാലിന് സമയക്രമം പ്രഖ്യാപിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. പൊതു തെരഞ്ഞെടുപ്പ് നടക്കേണ്ടതിനാല്‍ ഇലക്‌ഷന്‍ കമ്മീഷനുമായി ചര്‍ച്ച ചെയ്ത് ബിസിസിഐ അടുത്ത ആഴ്‌ച സമയക്രമം അറിയിക്കുമെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ ഇലക്ഷന്‍ തിയതികള്‍ പ്രഖ്യാപിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പരിഗണിച്ച് ഇന്ത്യയില്‍ നിന്ന് വേദി മാറ്റില്ലെന്ന് നേരത്തെ ബിസിസിഐ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മാര്‍ച്ച് 23ന് ലീഗ് ആരംഭിക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു. പൊതു തെരഞ്ഞെടുപ്പുകളെ തുടര്‍ന്ന് 2009ല്‍ ദക്ഷിണാഫ്രിക്കയിലും 2014ല്‍ ചില മത്സരങ്ങള്‍ യുഎഇയിലും നടത്തിയിരുന്നു.
ഇക്കുറി ഹോം മത്സരങ്ങളുടെ എണ്ണം കുറച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മെയ് 30 മുതലാണ് ഇംഗ്ലണ്ടില്‍ ഏകദിന ലോകകപ്പ് നടക്കുന്നത്. അതിനാല്‍ ലോകകപ്പിന് മുന്‍പ് ഐപിഎല്‍ മത്സരങ്ങള്‍ അവസാനിക്കേണ്ടതുണ്ട്.
