കൊച്ചി: കഴിഞ്ഞ ഐപിഎല്ലിന്‍റെ താരങ്ങളിലൊരാളായിരുന്നു മലയാളി പേസര്‍ ബേസില്‍ തമ്പി. ഗുജറാത്ത് ലയണ്‍സിനായി 12 മത്സരങ്ങളില്‍ 11 വിക്കറ്റ് നേടിയ ബേസില്‍ ഭാവി താരത്തിനുള്ള പുരസ്കാരം നേടി. ഇക്കുറി സണ്‍റൈസേഴ്സ് ഹൈദരാബാദില്‍ 95 ലക്ഷം രൂപയ്ക്കെത്തിയ താരം മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. ലേലതുകയെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും ടീമിലിടം നേടുക മാത്രമായിരുന്നു ലക്ഷ്യമെന്നും ബേസില്‍ പറയുന്നു.
ഡത്ത് ഓവറുകളില്‍ യോര്‍ക്കറുകള്‍ എറിഞ്ഞ് ബാറ്റ്സ്‌മാന്‍മാരെ പ്രതിരോധത്തിലാക്കാനുള്ള മിടുക്കാണ് ബേസിലിനെ വ്യത്യസ്തമാക്കുന്നത്. എന്നാല്‍ ഇത്തവണ വേഗ നിയന്ത്രണങ്ങളിലൂടെ ബാറ്റ്സ്‌മാന്‍മാരെ എറിഞ്ഞൊതുക്കാനാണ് താരം ലക്ഷ്യമിടുന്നത്. ഐപിഎല്‍-2017 സീസണില്‍ കളിച്ചതിനാല്‍ തന്‍റെ ബൗളിംഗ് തന്ത്രങ്ങള്‍ എതിരാളികള്‍ക്ക് നന്നായറിയാം. അതിനാല്‍ തന്ത്രങ്ങളില്‍ പൊളിച്ചെഴുത്ത് നടത്തിയാല്‍ മാത്രമേ ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കാന്‍ കഴിയൂവെന്ന് ബേസില്‍ പറയുന്നു.
ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ള അനുഭവം വളരെ മികച്ചതാണ്. ഇതിഹാസങ്ങള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ താരങ്ങളില്‍ നിന്ന് വളരെയേറെ പഠിക്കാന്‍ കഴിഞ്ഞൂ. പന്തെറിയാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചതായും നല്ല രീതിയിലത് വിനിയോഗിക്കാനും സാധിച്ചു. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മലയാളി താരം പറഞ്ഞു. സ്പോര്‍ട്‌സ്കീഡയ്ക്ക് നല്‍കിയഅഭിമുഖത്തിലാണ് ബേസില്‍ നയം വ്യക്തമാക്കിയത്.
